ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ഐ സി സി യോട് ബി സി സി ഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടത്.

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐ സി സി, ബി സി സി ഐയ്ക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയരാകുന്നതില്‍ ഐ സി സിക്ക് അതൃപ്തിയുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്ബോള്‍ ലോകകപ്പ് നടത്താന്‍ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐ സി സിയെ അലട്ടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേദി മാറ്റത്തിന് ബി സി സി ഐ സമ്മതം മൂളുകയായിരുന്നു. ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും.

ഐ പി എല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാല്‍ യു എ ഇയിലെ വേദികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി ആദ്യഘട്ട മത്സരങ്ങള്‍ ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദിയില്‍ നടത്തുന്നതിനെ കുറിച്ച്‌ ഐ സി സി ആലോചിക്കുന്നുണ്ട്. ഒമാനിലെ മസ്‌ക്കറ്റിനാണ് ആദ്യ പരിഗണന. ദുബായ്, അബൂദാബി, ഷാര്‍ജ എന്നിവിടങ്ങളിലാകും യു എ ഇയിലെ മത്സരങ്ങളുടെ വേദി.

LEAVE A REPLY

Please enter your comment!
Please enter your name here