യു.എ.ഇ.യും തുർക്കിയും ഫെബ്രുവരിയിൽ പുതിയ കരാറുകളിൽ ഒപ്പിടും. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ തുർക്കി ഗ്രാൻഡ് നാഷണൽ അസംബ്ലി സ്പീക്കർ മുസ്തഫ സെന്റോപ്പ്, അബുദാബി ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഖോബാഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അബുദാബിയിൽ നടന്നു. അടുത്തമാസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ യു.എ.ഇ. സന്ദർശിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന്റെ തെളിവായിരിക്കും സന്ദർശനം. പുതിയ കരാറുകളിൽ ഒപ്പിടുകയും ഉഭയകക്ഷിബന്ധങ്ങൾ പുതുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മുസ്തഫ സെന്റോപ്പ് പറഞ്ഞു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ സൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കിയിൽ എർദോഗാനെ സന്ദർശിച്ച് രണ്ടുമാസത്തിനുശേഷമാണ് മുസ്തഫ സെന്റോപ്പിന്റെ സന്ദർശനം. ശൈഖ് മുഹമ്മദിന്റെ സന്ദർശനവേളയിൽ തുർക്കിയിൽ 10 ബില്യൺ യു.എസ്. ഡോളറിന്റെ നിക്ഷേപഫണ്ട് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

യു.എ.ഇ.യുമായുള്ള സഹകരണത്തിന് തുർക്കി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗൾഫ് രാജ്യങ്ങളിൽ തുർക്കിയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യു.എ.ഇ. 2020-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം എട്ട് ബില്യൺ യു.എസ്. ഡോളറിലെത്തിയിരുന്നു. 2021-ലെ ആദ്യ 10 മാസങ്ങളിലെ വ്യാപാരം 6.4 ബില്യൺ യു.എസ്. ഡോളറായിരുന്നു. തുർക്കിയിലെ ഒരു പ്രധാന നിക്ഷേപക രാജ്യംകൂടിയാണ് യു.എ.ഇ. ടൂറിസം, ബാങ്കിങ്‌, തുറമുഖങ്ങൾ, ചില്ലറ വ്യാപാരം എന്നിവയിൽ രാജ്യത്തിന് പ്രധാനമായ നിക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here