സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങളെ നേരിടാൻ മധ്യപൂർവ മേഖലയിൽ അമേരിക്ക – യുഎഇ സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് സൈന്യത്തിന്റെ മിഡിൽ ഈസ്റ്റ് കമാൻഡർ ജനറൽ എറിക് കറില്ല. യുഎഇ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമയ്തിയുമായി സൈനിക സഹകരണം വർധിപ്പിക്കുന്നതിന്റെ സാധ്യതകൾ ജനറൽ എറിക് ചർച്ച ചെയ്തു.

ഡ്രോൺ ആക്രമണം യുഎഇയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ശ്രദ്ധിക്കേണ്ട വിഷയമാണ്. സാങ്കേതിക വിദ്യ വളരുന്നത് അനുസരിച്ച് ആക്രമണങ്ങളുടെ രീതിയിലും മാറ്റം ഉണ്ടാകുന്ന സാഹചര്യത്തിൽ മേഖലയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സൈനിക മേധാവി പറഞ്ഞു. കരയിലും കടലിലും ആകാശത്തും ഈ സഹകരണം ശക്തമായി തുടരും. കിഴക്കൻ സിറിയയിലെ അമേരിക്കൻ സൈനിക ക്യാംപിനു നേരെ തിങ്കളാഴ്ച റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണു മധ്യപൂർവ മേഖലയുടെ സൈനിക കമാൻഡറിന്റെ യുഎഇ സന്ദർശനവും പ്രഖ്യാപനവും.

സിറിയൻ ഡമോക്രാറ്റിക് ഫോഴ്സും യുഎസും സംയുക്തമായി നിയന്ത്രിക്കുന്ന ഗ്രീൻ വില്ലേജ് മിലിറ്ററി കമാൻഡിനു സമീപമുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ആർക്കും പരുക്കേറ്റില്ല. നേരത്തെ ഇറാഖും ജോർദാനുമായി അതിർത്തി പങ്കിടുന്ന സിറിയയുടെ തെക്കൻ മേഖലയിലും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായിരുന്നു. ജനുവരിയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎഇയിലും ആൾ നാശം നേരിട്ടിരുന്നു. സൗദിക്കു നേരെയും നേരത്തെ ഹൂതി ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് സൈനിക സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. പ്രദേശത്ത് അസ്ഥിരത ഉണ്ടാക്കാൻ ഇറാൻ നിഴൽ യുദ്ധം നടത്തുകയാണെന്നു സൈനിക മേധാവി പറഞ്ഞു.

യമനിലെ ഹൂതികൾക്കും ലബനനിലെ ഹിസ്ബുള്ളയ്ക്കും ആയുധങ്ങൾ നൽകുന്ന കാര്യത്തിലും ഇറാന്റെ പങ്കും യുഎസ് സൈനിക മേധാവി ചർച്ചയിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസം സിറിയയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇറാൻ നിർമിതമാണെന്നും സൈനിക മേധാവി പറഞ്ഞു. മധ്യപൂർവ രാജ്യങ്ങളിൽ അമേരിക്ക സൈനികരുടെ എണ്ണം കുറച്ചെങ്കിലും സൈനിക ഉത്തരവാദിത്തം കുറച്ചിട്ടില്ലെന്നും യുഎസ് സൈനിക മേധാവി പറഞ്ഞു.

അമേരിക്കയുടെ അസാന്നിധ്യത്തിൽ മേഖലയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ചൈനയ്ക്കോ റഷ്യയ്ക്കോ അവസരം നൽകാതിരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു സൗദി സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. സൈനികരുടെയോ യുദ്ധ കപ്പലുകളുടെയോ ആയുധങ്ങളുടെയോ എണ്ണത്തിലല്ല, കൃത്യമായ പരിശീലനത്തിലും വിവര കൈമാറ്റത്തിലും സംയുക്ത സൈനിക നടപടികളിലുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെന്നും എറിക് കറില്ല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here