18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് കോവിഡ്-19 വാക്‌സീന്റെ ബൂസ്റ്റർ ഡോസിന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സീൻ എന്നീ രണ്ട് ഡോസുകൾ ഉപയോഗിച്ച് പൂർണമായി വാക്സിനേഷൻ നടത്തിയവരാണ് യോഗ്യതയുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുക.

രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് നൽകുകയുള്ളൂ. കോവിഡുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് യുഎഇ ഗവൺമെന്റ് മാധ്യമ സമ്മേളനത്തിൽ ആരോഗ്യമേഖലയുടെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരോടും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരും നിശ്ചയദാർഢ്യമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും സമയബന്ധിതമായി ബൂസ്റ്റർ ഡോസ് എടുക്കാൻ ഉപദേശിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് യുഎഇ ബദ്ധശ്രദ്ധാലുക്കളാണെന്ന് അൽ ഹൊസാനി പറഞ്ഞു. മാസ്‌ക് ധരിക്കുക, പതിവായി കൈ കഴുകുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച് വ്യക്തമാക്കി.

യുഎഇയിലെ ജനസംഖ്യയുടെ 100 ശതമാനം ആളുകൾക്കും കോവി‍ഡ് പ്രതിരോധ കുത്തിവയ്പ് കുറഞ്ഞത് ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 90.31 ശതമാനം പേർ പൂർണമായും വാക്‌സീൻ എടുത്തു. ജനസംഖ്യയുടെ എണ്ണം കാലത്തിനനുസരിച്ച് മാറുന്നതിനാൽ, എല്ലാവർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഈ കണക്ക് അർഥമാക്കുന്നില്ലെങ്കിലും ഉദ്ദേശിച്ച ഗ്രൂപ്പുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

താമസക്കാരും പുതിയ തൊഴിൽ വീസയുള്ളവരും ഉൾപ്പെടെ ജനസംഖ്യയുടെ ഒരു പ്രത്യേക വിഭാഗം രാജ്യത്ത് അംഗീകരിച്ച മെഡിക്കൽ നടപടിക്രമങ്ങൾക്കനുസൃതമായി വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നതായും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here