ഐസിസി അണ്ടർ 19 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് യുഎഇ ടീം. മലയാളി ക്യാപ്റ്റൻ അലിഷാൻ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലിൽ അയർലൻഡിനെ 8 വിക്കറ്റിന് തകർത്താണ് പ്ലേറ്റ് ചാംപ്യനായത്. ഇതോടെ അടുത്ത ലോകകപ്പിൽ യുഎഇക്കു നേരിട്ടു കളിക്കാൻ യോഗ്യത നേടി.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യൻഷിപ്പിൽ യുഎഇ ഫൈനലിൽ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയിൽ വെസ്റ്റ് ഇൻഡീസിനെ 82 റൺസിനു തോൽപിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലിൽ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡിനെ 45.3 ഓവറിൽ 122 റൺസിന് യുഎഇ പുറത്താക്കി. മറുപടി ബാറ്റിങിനിറങ്ങി 26 ഓവറിൽ ലക്ഷ്യം കണ്ടു.

ഓപ്പണർ കെയ് സ്മിത് 49, പുണ്യ മെഹ്റ 48 (നോട്ട് ഔട്ട്) എന്നിവർ അനായാസ വിജയം സമ്മാനിച്ചു. ഇന്നു രാവിലെ യുഎഇയിൽ തിരിച്ചെത്തുന്ന സംഘത്തിന് എമിറേറ്റ്സ് ക്രിക്കറ്റ് വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം നൽകും. ഇതേസമയം മെൻസ് 50 ഓവർ, 2020 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലിഷാൻ ഷറഫു വിമാനത്താവളത്തിൽനിന്നുതന്നെ നേരിട്ട് ഒമാനിലേക്കു തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here