എണ്ണ ഇതര സമ്പദ്വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കാനുള്ള നയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
അബുദാബി അൽ വതൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഒമർ അൽ ഒലാമയുടെ നേതൃത്വത്തിലായിരിക്കും ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുക. അടുത്ത 10 വർഷത്തിനകം യുഎഇയുടെ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തിൽനിന്ന് ഇരട്ടിയാക്കുകയാണ് (19.4%) ലക്ഷ്യം.
ഡിജിറ്റൽ മേഖലാ പദ്ധതിയിൽ 30ലധികം സംരംഭങ്ങളും പ്രോഗ്രാമുകളും 5 പുതിയ മേഖലകളും ഉൾപ്പെടുന്നു. ഭാവിയിലേക്കുള്ള ഡിജിറ്റൽ പുരോഗതിയിലും തയ്യാറെടുപ്പിലും യുഎഇയാണ് അറബ് ലോകത്തെ നയിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലത്തെ സർവേ ചൂണ്ടിക്കാട്ടുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ യുഎഇയുടെ വിദേശ ഓഫിസുകൾ സ്ഥാപിക്കുന്നതിനും സഹായം ഏകോപിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
50 ദരിദ്ര രാജ്യങ്ങളിലുള്ളവർക്ക് 100 കോടി ഭക്ഷണം എത്തിക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതി യുഎഇ നടത്തിവരികയാണ്. 7.6 കോടി ആളുകൾക്ക് ഭക്ഷണം എത്തിക്കാനുള്ള തുക ഇതിനകം സമാഹരിച്ചതായും അറിയിച്ചു.