തെറ്റായ രോഗനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് 16 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടിവന്ന രോഗിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി. കഠിനമായ വയറുവേദനയും ചുമയും ശ്വാസംമുട്ടുമായി ആശുപത്രിയിലെ അത്യാഹിത വിഭാഹത്തിലെത്തിയ ആളിന് ക്ഷയരോഗമാണെന്ന് തെറ്റായി രോഗനിര്‍ണയം നടത്തുകയായിരുന്നു.

പരിശോധനകള്‍ക്ക് ശേഷം പള്‍മണറി ട്യൂബര്‍കുലോസിസ് രോഗമാണെന്ന് ഡോക്ടര്‍മാര്‍ പറയുകയും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ക്വാറന്റീനിലാക്കുകയും ചെയ്‍തു. പ്രാഥമിക പരിശോധനാ ഫലം എമിറേറ്റിലെ ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്നതിനിടെ രോഗിയുടെ കൂടുതല്‍ രക്ത സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചു. എന്നാല്‍ ഇയാള്‍ക്ക് ടി.ബിയോ മറ്റേതെങ്കിലും പകര്‍ച്ച വ്യാധിയോ ഇല്ലെന്നായിരുന്നു പരിശോധനാ ഫലങ്ങളിലെല്ലാം വ്യക്തമായത്. ന്യൂമോണിയ ബാധിതനാണെന്നും പിന്നീട് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷം രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. എന്നാല്‍ പുതിയ പരിശോധനാ ഫലങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചില്ല.

മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളെ ബന്ധപ്പെടുകയും, ടി.ബി ബാധിതനാണെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്‍തു. മറ്റൊരു ആശുപത്രിയിലെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. നിര്‍ദേശിക്കപ്പെട്ട ആശുപത്രിയിലെത്തിച്ചപ്പോള്‍ വീണ്ടും ഐസൊലേഷനിലാക്കി. എല്ലാ പരിശോധനാ ഫലങ്ങളും വരുന്നത് വരെ 10 ദിവസം അവിടെ കഴിയേണ്ടിവന്നു. ഇതിന് ശേഷം വീട്ടില്‍ പോകാന്‍ അനുവദിച്ചെങ്കിലും നേരിട്ടുള്ള നിരീക്ഷണത്തില്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചികിത്സാ പദ്ധതിയും നിര്‍ദേശിച്ചു.

താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തിന് നഷ്‍ടപരിഹാരം തേടി ആശുപത്രിക്കെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്ക് പിശക് പറ്റിയതായി സുപ്രീം കമ്മിറ്റി ഫോര്‍ മെഡിക്കല്‍ റെസ്‍പോണ്‍സിബിലിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കോടതി നഷ്‍ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here