റമദാന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ‘റമസാൻ റിലീഫ് പാക്കേജ് 2020’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈന്തപ്പഴം, അരി, ആട്ട, മൈദ, പഞ്ചസാര, നെയ്യ്, പാചക എണ്ണ, ധാന്യങ്ങൾ,തുടങ്ങി അവശ്യസാധനങ്ങൾ സൗജന്യമായി വീട്ടിൽ എത്തിക്കുമെന്നാണ് വാഗ്ദാനം.

സുവർണാവസരം പാഴാക്കരുതെന്നും താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ നിമിഷ നേരംകൊണ്ട് അപേക്ഷിക്കാമെന്നുമാണ് സന്ദേശത്തിലുള്ളത്. ലിങ്കിൽ പ്രവേശിച്ചാൽ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇതു നൽകിയാൽ ഉടൻ ഒടിപി നമ്പറാണ് ചോദിക്കുക. റജിസ്ട്രേഷന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒടിപി കൈക്കലാക്കുന്ന സംഘം ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കി പണം തട്ടും.

ഫോണിലെ വിലപ്പെട്ട വിവരങ്ങളും ഫോട്ടോകളും രേഖകളും കൈക്കലാക്കി അതുപയോഗിച്ച് ബ്ലാക് മെയിൽ ചെയ്തും പണം തട്ടാൻ സാധ്യതയുണ്ടെന്നും സൈബർ വിദഗ്ധർ വ്യക്തമാക്കി. കോവിഡ് കാലങ്ങളിലെ റമസാനിൽ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചിരുന്നു. ഇതാണ് തട്ടിപ്പുസംഘം മറയാക്കുന്നത്.

ഇതിൽ വിശ്വസിച്ച് റജിസ്റ്റർ ചെയ്ത പലരും തട്ടിപ്പിനിരയായതാണ് സൂചന. സർക്കാർ അംഗീകൃതമെന്നു പറയുന്ന സൈറ്റിൽ ഏതു രാജ്യമെന്നോ സർക്കാരെന്നോ വ്യക്തമാക്കുന്നില്ല. രാജ്യാന്തര ജീവകാരുണ്യ സംഘടനയുമായോ സർക്കാരുമായോ ബന്ധമില്ലാത്ത ഡൊമെയ്ൻ നെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസ്യയോഗ്യമായ വിവരങ്ങളോ ഇതിലില്ല.
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ…

∙വ്യാജ സന്ദേശങ്ങളിൽ ക്ലിക് ചെയ്ത് സ്വന്തം സുരക്ഷ അപകടത്തിലാക്കരുത്‌.

∙ലഭിച്ച സന്ദേശത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമേ തുറക്കാവൂ.

∙സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ, കാർഡ്, അക്കൗണ്ട് വിവരങ്ങൾ, ഒടിപി എന്നിവ നൽകാതിരിക്കുക.

∙ ആന്റിവൈറസ് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക

∙വഞ്ചിക്കപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും പരാതിപ്പെടുക.

പരാതിപ്പെടാം

∙ടോൾ ഫ്രീ 800 2626

∙ എസ്എംഎസ് 2828

[email protected]

∙Abu Dhabi Police smart app

LEAVE A REPLY

Please enter your comment!
Please enter your name here