യുഎഇയിൽ പെരുന്നാൾ അവധി ആഘോഷം അലയടിച്ചത് പാർക്കുകളിലും മലയോര മേഖലകളിലും. തലസ്ഥാന എമിറേറ്റിലെ 54 പാർക്കുകളും ഓരോ അവധി ദിനങ്ങളിലും പെരുന്നാൾ സന്തോഷത്തിലായി. ഈദിനോട് അനുബന്ധിച്ച് ഒത്തു കിട്ടിയ ദീർഘ അവധി ദിനങ്ങൾ കുടുംബങ്ങളും ബാച്ച്‌ലേഴ്സ് താമസക്കാരും ആഘോഷമാക്കുകയാണ്. ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ കാണാൻ മുന്നൊരുക്കം നടത്തുകയാണ് പ്രവാസികൾ. പാർക്കുകളും കടൽതീരങ്ങളും ജബൽജൈസ് പോലുള്ള സാഹസിക സഞ്ചാര മേഖലകളും അവധി ദിനങ്ങളിൽ ജനസാന്ദ്രമായി.

അബുദാബി, അൽഐൻ, അൽ ദഫ്റ നഗരപരിധികളിലുള്ള 54 പാർക്കുകളും രാവിലെ മുതൽ പാതിരാത്രി വരെ പെരുന്നാൾ ആഹ്ലാദം തിരതല്ലുന്നതായിരുന്നു. രാവിലെ എട്ടു മുതൽ പുലർച്ചെ രണ്ടു വരെ നഗരസഭ പാർക്കുകളിൽ പ്രവേശനം അനുവദിച്ചിരുന്നതു സന്ദർശകർക്ക് ആശ്വാസമായി. വൈകുന്നേരമാണ് കുട്ടികളും കുടുംബങ്ങളും കൂടുതലായി പാർക്കുകളിലേക്ക് എത്തിയത്. പ്ലേ ഏരിയകൾ കുട്ടികളും വട്ടമിട്ട് സൊറ പറയാനും ബാർബിക്യൂ പാചകത്തിനുമുള്ള പാർക്കിലെ പാചക സൗകര്യങ്ങൾ മുതിർന്നവരും പെരുന്നാൾ സംഗമത്തിനുള്ള ഇടമാക്കി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here