വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യ–യുഎഇ സഹകരണം പുതിയ തലത്തിലേക്ക്. വാഷിങ്ടനിൽ നടക്കുന്ന ജി–20 യോഗത്തിന് എത്തിയ ധനമന്ത്രി നിർമല സീതാരാമനും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്.
കൂടുതൽ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കും. സാമ്പത്തിക, വാണിജ്യ മേഖലാ സഹകരണത്തിനാണ് ഊന്നൽ നൽകുക. ലോകം നേരിടുന്ന വെല്ലുവിളികൾക്കെതിരെ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് അൽഹുസൈനി പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക കരാർ ഒപ്പു വച്ചതിനു ശേഷം വ്യാപാര മേഖലയ്ക്ക് പുത്തനുണർവുണ്ടായതായും ഇരുവരും പറഞ്ഞു. ഉച്ചകോടിയിൽ ചർച്ച ചെയ്യുന്ന മുൻഗണനാ വിഷയങ്ങൾക്ക് മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി യുഎഇയുടെ പിന്തുണയും വാഗ്ദാനം ചെയ്തു.
എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ യുഎഇയുടെ മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. വലിയ നിക്ഷേപ പങ്കാളികളിൽ ഒന്നും ഇന്ത്യ തന്നെ. യുഎഇ വിദേശകാര്യമന്ത്രാലയ അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി, ഇന്റർനാഷനൽ ഫിനാൻഷ്യൽ റിലേഷൻഷിപ് വിഭാഗം അസി. അണ്ടർ സെക്രട്ടറി അലി അബ്ദുല്ല ഷറഫി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.