മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലേക്ക് താല്‍ക്കാലിക അംഗത്വം നേടി യുഎഇ. 2022-23 വര്‍ഷത്തേക്കാണ് യുഎഇ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യുഎന്‍ പൊതുസഭ തെരഞ്ഞെടുത്തത്. ജനറല്‍ അസംബ്ലിയിലെ ആകെയുള്ള 190 വോട്ടുകളില്‍ 179ഉം നേടിയാണ് യുഎഇ യുഎന്‍ രക്ഷാസമിതിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്തിന്റെ സജീവമായ നയതന്ത്ര വിജയവും യുഎഇയുടെ അന്താരാഷ്ട്ര തലത്തിലെ സ്ഥാനവും വികസന മാതൃകയ്ക്ക് ലഭിച്ച അംഗീകാരവും പ്രതിഫലിപ്പിക്കുന്നതാണ് സുരക്ഷാ കൗണ്‍സിലിലെ അംഗത്വമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. രക്ഷാസമിതിയില്‍ സജീവവും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇത് രണ്ടാം തവണയാണ് യുഎഇ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അംഗത്വം നേടുന്നത്. 1986-87 കാലയളവിലാണ് ഇതിന് മുമ്പ് യുഎഇ ഈ സുപ്രധാന പദവി വഹിച്ചത്. യുഎഇയ്‌ക്കൊപ്പം അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന എന്നീ രാജ്യങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here