തിരുവോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. കോവിഡിനു ശേഷം ആവേശം വീണ്ടെടുത്ത പ്രവാസികൾ ഇന്നലെ വൈകിട്ടു മുതൽ ഒരുക്കം തുടങ്ങി. പൈതൃകത്തനിമയോടെ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ.

ബാച്‌ലേഴ്സിന്റെ ഓണാഘോഷം ശനി, ഞായർ ദിവസങ്ങളിലും. മലയാളി മാനേജ്മെന്റിലുള്ള ചില സ്ഥാപനങ്ങൾ നാളെ ജീവനക്കാർക്ക് അവധി നൽകി. മറ്റു ചില സ്ഥാപനങ്ങൾ ഓഫിസിൽ തന്നെ ഓണസദ്യയൊരുക്കി ആഘോഷത്തിൽ പങ്കുചേരും.

സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ തിരക്കേറി. വ്യാപാര സ്ഥാപനങ്ങൾ പ്രത്യേകമായി അലങ്കരിച്ച് ഓണ വിപണി ഒരുക്കിയതും പ്രവാസികൾക്ക് ഗൃഹാതുര കാഴ്ചയായി. മലയാളി സാന്നിധ്യം കൂടുതലുള്ള ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ സദ്യവട്ടങ്ങൾ വാങ്ങനെത്തുന്നവരുടെ വൻ തിരക്കാണ്.

അബുദാബി മിനാ മാർക്കറ്റ്, ദുബായ് അവീർ മാർക്കറ്റ്, വാട്ടർ ഫ്രണ്ട് മാർക്കറ്റ്, ഷാർജ മാർക്കറ്റുകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ അറിയാത്തവർക്ക് എല്ലാ ചേരുവകളും പാകത്തിനു ചേർത്തുള്ള റെഡി ടു കുക്ക് പായ്ക്കറ്റും ലഭ്യം.

വിവിധ രാജ്യക്കാർ ഒരുമിച്ചു താമസിക്കുന്ന ബാച്‌ലേഴ്സ് മുറികളിൽ എല്ലാവരും ചേർന്നുണ്ടാക്കുന്ന സദ്യയ്ക്ക് ആഗോള രുചിപ്പെരുമ. പാചകവിദഗ്ധരായ സുഹൃത്തുക്കളെ എത്തിച്ച് പെരുമ കൂട്ടുന്നവരും ഏറെ. എന്നാൽ പ്രവൃത്തി ദിനത്തിലെത്തിയ തിരുവോണം ബാച്ചിലേഴ്സ് ആഘോഷമാക്കുന്നത് ശനിയാഴ്ച രാത്രി മുതലാണ്.

വീട്ടിലും ഓഫിസിലും വ്യാപാര സ്ഥാപനങ്ങളിലും പൂക്കളമൊരുക്കാൻ കിലോ കണക്കിന് പൂക്കളാണ് പലരും വാങ്ങുന്നത്. കിലോയ്ക്ക് 35 ദിർഹം കോവിഡ് അകന്നതും നിയന്ത്രണങ്ങളിൽ പൂർണമായും ഇളവ് വന്നതും ആഘോഷത്തിന് ഇരട്ടിമധുരമായി.

ആഘോഷം ഡിസംബർ വരെ

കോവിഡിൽ പകിട്ടുകുറഞ്ഞ ഓണാഘോഷത്തെ എന്തു വിലകൊടുത്തും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. പ്രവാസി സംഘടനകൾ, സ്ഥാപനങ്ങൾ, കുടുംബ കൂട്ടായ്മകൾ, ബാച്‌ലേഴ്സ് എന്നിവ നടത്തുന്ന ആഘോഷ പരമ്പര തന്നെ ഇനിയുണ്ടാകും. ഓണാഘോഷം ഇനി പുതുവർഷം വരെ നീളും.

LEAVE A REPLY

Please enter your comment!
Please enter your name here