പലതവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1,150 ദിർഹമെന്ന് അധികൃതർ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്.

പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ സ്മാർട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിക്കും.

ഭേദഗതി വേണമെങ്കിൽ അപേക്ഷകരെ അറിയിക്കും. അവ്യക്തമോ അപൂർണമോ ആയ അപേക്ഷകളിൽ മാറ്റം വരുത്തി വീണ്ടും സമർപ്പിക്കണം.

ഇ- സംവിധാനം വഴി സമർപ്പിച്ച അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപേക്ഷ റദ്ദാകും.

ആവശ്യമായ രേഖകൾ

  • അപേക്ഷകൻ പൊതുനിക്ഷേപകനാണെങ്കിൽ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടിൽ നിന്നുള്ള രേഖ സമർപ്പിക്കണം. 20 ലക്ഷം ദിർഹം മൂലധന നിക്ഷേപമുണ്ടെന്നു തെളിയിക്കാനാണിത്. വാറ്റ് രേഖകളും ഉണ്ടാകണം. ബിസിനസ് പങ്കാളിയാണെങ്കിൽ അക്കാര്യം വ്യക്തമാക്കണം.
  • റിയൽ എസ്റ്റേറ്റ് മേഖലയാണെങ്കിൽ കമ്പനി ഉടമയാണെന്നും സ്ഥാപനത്തിനു വായ്പ ഇല്ലെന്നും തെളിയിക്കണം. യുഎഇയിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെട്ടിട വാടക കരാറും കാണിക്കണം.
  • 20 ലക്ഷം ദിർഹമാണ് വീസ ലഭിക്കാനുള്ള മൂലധന നിക്ഷേപപരിധി.

വ്യവസായ സംരംഭകനാണെങ്കിൽ 5 ലക്ഷം ദിർഹത്തിൽ കുറയാത്ത പദ്ധതിയുടെ ഉടമയാണെന്ന് യുഎഇയിലെ ഒരു ഓഡിറ്റർ സാക്ഷ്യപ്പെടുത്തണം.

ഒരു വർഷത്തിൽ കുറയാത്ത ആരോഗ്യ ഇൻഷുറൻസും പാക്കേജും താമസ വാടക കരാറും ഉണ്ടാകണം.

  • ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ വിദഗ്ധ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ ഇതു തെളിയിക്കുന്ന രേഖകൾ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഹാജരാക്കണം. ഇൻഷുറൻസ് രേഖകളും നിർബന്ധം.
  • കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരാണെങ്കിൽ യുഎഇയിലെ അംഗീകൃത സാംസ്കാരിക, കലാ കേന്ദ്രങ്ങളിൽ നിന്നുള്ള രേഖയും ആരോഗ്യ ഇൻഷുറൻസ് രേഖയും ഹാജരാക്കണം.
  • ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള വീസയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖയാണു വേണ്ടത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുടെ വീസയ്ക്ക് സർവകലാശാലകളാണ് അപേക്ഷ നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here