അബുദാബി: യുഎഇ യിൽ ഇന്ന് 532 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 52,600 ആയി. ഇന്ന് രണ്ടു പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 326 ആയി. അതേ സമയം 993 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 41,714 ആയി.

ഇന്ന് മുതൽ ദുബായിൽ വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ആദ്യ ബാച്ച് ഇന്ന് വിമാനത്താവളത്തിൽ വന്നിറങ്ങി. കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ യുഎഇ അധികൃതർ കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കിയതിന്റെ ഭാഗമായി മാർച്ച് 26 മുതൽ ദുബായിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.

ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ കുറച്ച് കുടുംബങ്ങളുടെ വീഡിയോകൾ പോസ്റ്റ് ചെയ്തു.

അബുദാബിയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 14ന് പ്രവർത്തനമാരംഭിക്കും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് കന്നി വിമാനം പറക്കുക. യുഎഇ സമയം വൈകിട്ട് മൂന്നിന് പുറപ്പെട്ട് പ്രാദേശിക 4.55ന് അലക്സാണ്ട്രിയയിലെത്തും. ഈജിപ്തിലെ സൊഹാഗിലേക്കും സർവീസുണ്ട്. അബുദാബി രാജ്യാന്തര ആസ്ഥാനമാക്കിയാണ് എയർലൈൻ പ്രവർത്തിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസ് ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here