വ്യവസായ മേഖല വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്. 6 പദ്ധതികളിലായി അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കുന്നു. 2031നകം ഉൽപാദന മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിച്ച് 17,200 കോടി ദിർഹമാക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതികളിലൂടെ 13,600 പേർക്കു തൊഴിലും ലഭ്യമാകും.

എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ ഉത്തേജനത്തിന് വൻ ആനുകൂല്യങ്ങളാണ് അബുദാബി നൽകിവരുന്നത്. ഈ വർഷം ആദ്യ 6 മാസത്തിനിടെ 136 പുതിയ ലൈസൻസുകൾ നൽകിയത് വ്യാവസായിക രംഗത്തെ അതിവേഗ വളർച്ച സൂചിപ്പിക്കുന്നെന്ന് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബ്യൂറോ റിപ്പോർട്ട്.

ഉൽപാദനത്തിലേക്കു മാറിയ വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം 310 കോടി ദിർഹമായും ഉയർന്നു.നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് അബുദാബി ഒട്ടേറെ ഇളവുകൾ നൽകുന്നുണ്ട്. ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിച്ചു. ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാൻ അവസരമൊരുക്കി.

ആദ്യ 2 വർഷത്തേക്ക് ലൈസൻസ് ഫീസിൽ ഇളവ്, സൗജന്യ ഓഫിസ്, വൻകിട കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ 41% ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നു. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 102 കോടി ദിർഹത്തിന്റെ ഇളവ് നൽകി.

എമിറേറ്റിൽ സ്വകാര്യമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനാണ് ഇളവുകളെന്ന് സാമ്പത്തിക വികസന വിഭാഗം അണ്ടർ സെക്രട്ടറി റാഷിദ് അൽ ബലൂഷി പറഞ്ഞു. വൈദ്യുതി നിരക്കിലെ ഇളവ് കൂടുതൽ മേഖലകളിൽ നിക്ഷേപം നടത്താൻ സംരംഭകരെ പ്രേരിപ്പിക്കും. ഇതുവഴി ഉൽപാദനം കൂട്ടാനും വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here