നീറ്റ് പരീക്ഷയ്ക്ക് ജിസിസി രാജ്യങ്ങളിൽ 8 കേന്ദ്രങ്ങൾ അനുവദിച്ചത് പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി. ഇതിൽ 3 കേന്ദ്രങ്ങളും യുഎഇയിലാണ്.

ഗൾഫിൽ നൂറിലേറെ സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ നീറ്റ് പരീക്ഷ എഴുതിവരുന്നത്. കഴിഞ്ഞ വർഷം കുവൈത്തിൽ മാത്രമാണ് കേന്ദ്രം അനുവദിച്ചത്.

എന്നാൽ അവസാന നിമിഷം ദുബായിലും കേന്ദ്രം അനുവദിക്കുകയായിരുന്നു. ഇത്തവണ എല്ലാ ഗൾഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശത്ത് ഇത്രയധികം പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ആദ്യമാണ്.

നീറ്റ് പരീക്ഷയ്ക്ക് ജിസിസി രാജ്യങ്ങളിൽ 8 കേന്ദ്രങ്ങൾ അനുവദിച്ചത് ജിസിസി യിലെ മെഡ്സിന് താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ സഹായകരമാകുമെന്ന് എഡുഗ്ലൈഡർ മേധാവി അഹമ്മദലി അഭിപ്രായപ്പെട്ടു. ഇതോടെ ജി.സി.സി യിൽ നിന്ന് നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു

പരീക്ഷാ കേന്ദ്രങ്ങൾ

അബുദാബി, ദുബായ്, ഷാർജ (യുഎഇ), റിയാദ് (സൗദി), ദോഹ (ഖത്തർ), കുവൈത്ത് സിറ്റി (കുവൈത്ത്), മനാമ (ബഹ്റൈൻ), മസ്ക്കത്ത് (ഒമാൻ) എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഇന്ത്യയിലെ 543 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമടക്കം 557 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

പരീക്ഷ ജൂലൈ 17ന്

എംബിബിഎസ്, ബിഡിഎസ് കോഴ്സിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 17ന് നടക്കും. ‌നീറ്റ് യുജി പരീക്ഷ എഴുതി പാസാകുന്നവർക്ക് എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്റിനറി, ബിഎസ്‌സി നഴ്സിങ്, ലൈഫ് സയൻസ് എന്നീ കോഴ്സുകളിലും ചേരാം.

പ്രായപരിധി

17 വയസ്സ് പൂർത്തിയായവരും 2005 ഡിസംബർ 31ന് മുൻപ് ജനിച്ചവരുമാകണം. ഉയർന്ന പ്രായപരിധിയില്ല.

പരീക്ഷ മലയാളത്തിലും

മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ആസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ ഇത്തവണ പരീക്ഷ എഴുതാം.

200 ചോദ്യങ്ങൾ

ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നീ 4 വിഷയങ്ങൾക്കും 50 വീതം മൊത്തം 200 ചോദ്യങ്ങൾ (മൾട്ടിപ്പിൾ ചോയ്സ്).

പരീക്ഷാ ദൈർഘ്യം

3 മണിക്കൂർ 20 മിനിറ്റും. ജൂലൈ 17 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5:20 വരെ.

അവസാന തീയതി

ഏപ്രിൽ 6 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. അവസാന തീയതി മേയ് 6. പിഴയോടുകൂടി മേയ് 7.

ആർക്കൊക്കെ അപേക്ഷിക്കാം

ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി മുഖ്യവിഷയമെടുത്ത് 12ാം ക്ലാസ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 12ാം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും ആദ്യറൗണ്ട് കൗൺസിലിങിനു മുൻപ് പാസ്സാകണം.

ഫീസ്

ഇന്ത്യയിൽ പരമാവധി 1600 രൂപ വരെ (അർഹതപ്പെട്ടവർക്ക് ഇളവുണ്ട്). വിദേശത്തുള്ളവർക്ക് 8500 രൂപ

റജിസ്ട്രേഷൻ ലിങ്ക്

neet.nta.nic.in

LEAVE A REPLY

Please enter your comment!
Please enter your name here