സാധാരണഗതിയിൽ മൂന്നിരട്ടിയോളം കുതിച്ചുയരേണ്ട ഇന്ത്യയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പെരുന്നാളടുത്ത ദിവസങ്ങളിൽ പോലും 1,000 ദിർഹത്തിൽ താഴെ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെങ്കിലും എവിടെയും യാത്രക്കാരുടെ തിക്കും തിരക്കുമില്ല. ഏറെ കാലത്തിന് ശേഷമാണ് വിശേഷ ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിന് ഇത്രയും കുറവ് സംഭവിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

ഈ മാസം പതിനൊന്നിനോ പന്ത്രണ്ടിനോ ആണ് പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നാട്ടിലുള്ള കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാൻ ആളുകൾ പോകേണ്ട ദിവസങ്ങളാണിത്. കോവിഡ്19ന് മുൻപ് പെരുന്നാൾ, ക്രിസ്മസ്, വിഷു, പുതുവർഷം തുടങ്ങിയ വിശേഷ ദിവസങ്ങളിലും വേനലവധിക്കുമൊക്കെ വിമാന ടിക്കറ്റ് റോക്കറ്റ് പോലെ കുതിക്കുമായിരുന്നു. വൺ വേ ടിക്കറ്റിന് 1,500 മുതൽ 2,500 ദിർഹം (50,000 രൂപ) വരെയായിരുന്നു യാതൊരു ദയദാക്ഷിണ്യവുമില്ലാതെ മിക്കപ്പോഴും ഇൗടാക്കിയിരുന്നത്. എന്നാൽ റമസാൻ കഴിയാറായി, പെരുന്നാളടുത്ത ഇൗ ദിവസങ്ങളിൽ കേളത്തിലേയ്ക്ക് 750 ദിർഹം മുതൽ 900 ദിര്‍ഹം മാത്രമാണ് നിരക്ക്.

എയർ ഇന്ത്യ, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എത്തിഹാദ് തുടങ്ങിയവയാണ് നിലവിൽ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തുന്നത്. ഇൗ മാസം രണ്ടിന് ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിന് 810 ദിർഹമായിരുന്നു ടിക്കറ്റ് നിരക്ക്. മൂന്നിന് ഇതേ റൂട്ടിൽ 840 ദിർഹവും ഇന്നലെ ഷാർജയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 888 ദിർഹവുമായിരുന്നു ഇൗടാക്കിയത്. എയർ ഇന്ത്യ വിമാനത്തിന് ഇന്നലെ ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് 770 ദിർഹം വാങ്ങി. മൂന്നിന് ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിന് 815 ദിർഹം ടിക്കറ്റ് നിരക്കുണ്ടായിരുന്നു. ഷാർജ–കൊച്ചി എയർ അറേബ്യക്കാണെങ്കിൽ 830 ദിർഹവും. വളരെ ചുരുക്കം യാത്രക്കാരുമായാണ് വിമാനം യുഎഇയിൽ നിന്ന് പറക്കുന്നത്. ഇനി പെരുന്നാൾ വരെയുള്ള ദിവസങ്ങളിലും കുറഞ്ഞ നിരക്ക് തന്നെ.

അതേസമയം, പെരുന്നാള്‍ കഴിഞ്ഞുള്ള ദിവസങ്ങളിൽ കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് നേർ പകുതിയുമായി. ഇൗ മാസം 13ന് ദുബായ്–കോഴിക്കോട് സ്പൈസ് ജെറ്റിന് 434 ദിർഹമേയുള്ളൂ. 14ന് ദുബായ്–കോഴിക്കോട് എയർ ഇന്ത്യക്ക് 540 ദിർഹവും. ഇന്ത്യയിലേയ്ക്കുള്ള, പ്രത്യേകിച്ച് കേരളത്തിലേയ്ക്കുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞതാണ് നിരക്ക് വർധിക്കാതിരിക്കാൻ കാരണം. ഇന്ത്യയിൽ കോവി‍ഡ് രൂക്ഷമായതിനെ തുടർന്ന് യുഎഇയിലേയ്ക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽ പോയാൽ തിരിച്ചുവരാൻ പ്രയാസമായിരിക്കും എന്ന ആശങ്കയാണ് ആളുകൾക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here