യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളിൽ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടർന്നാണ് നിരക്കിൽ ഇടിവുണ്ടായത്.

എമിറേറ്റ്‌സ് എയർലൈനും ഫ്ളൈ ദുബായിയും ദുബായിൽനിന്ന് കൊച്ചിയിലേക്ക് 300മുതൽ 500വരെ ദിർഹത്തിനുള്ളിൽ (ഏകദേശം 6000 രൂപ മുതൽ 10000 രൂപ വരെ) ടിക്കറ്റുകൾ നൽകുന്നുണ്ട്. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് 390 ദിർഹം മുതൽ (ഏകദേശം 7800 രൂപ) ടിക്കറ്റുകൾ ലഭ്യമാണ്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിർഹം മുതൽ 600 വരെ ദിർഹത്തിനുള്ളിൽ (ഏകദേശം7600 രൂപ മുതൽ 12,000 രൂപ വരെ) ടിക്കറ്റുകൾ ലഭിക്കും. ദുബായിൽനിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിർഹവും (ഏകദേശം 6000 രൂപ) അതിൽ താഴെയുമായി കുറഞ്ഞു. ഡൽഹിയിലേക്ക് 330 ദിർഹം മുതലാണ് നിരക്ക്.

ചില ട്രാവൽ പോർട്ടലിൽ ദുബായ്-ഇന്ത്യ റൂട്ടിലെ പ്രതിദിന ബുക്കിങ് 120 ആയി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചമുമ്പ് 142 ബുക്കിങ്ങുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധിമാറ്റമൊന്നും യാത്രാനിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

കഴിഞ്ഞവർഷം യു.എ.ഇ.-ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കിൽ ഇത്തരത്തിൽ കുറവ് രേഖപ്പെടുത്തിയത്. അതേസമയം, ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാനിരക്കിലുള്ള വർധന തുടരുകയാണ്. ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾക്ക് 1000 മുതൽ 1500 വരെ ദിർഹമാണ് (ഏകദേശം 20,000 രൂപ മുതൽ 30,000 രൂപ വരെ) ഈടാക്കുന്നത്.

മുംബൈ-ദുബായ് ഒറ്റയാത്രയ്ക്ക് ചില എയർലൈനുകൾ 2600 ദിർഹം വരെ (ഏകദേശം 52,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കൊച്ചി-ദുബായ് 1300 ദിർഹം വരെ (ഏകദേശം 26,000 രൂപ വരെ) ചെലവാകും. തിരുവനന്തപുരം-ദുബായ് ടിക്കറ്റിന് ചില വിമാനങ്ങൾ 1500 മുതൽ 4000 ദിർഹം വരെ (ഏകദേശം 30,000 രൂപ മുതൽ 80,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന്‌ ദുബായിലേക്ക് 1000മുതൽ 1400 ദിർഹത്തിനിടയ്ക്കാണ്(ഏകദേശം 20,000-28,000 രൂപ)നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here