മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീര്‍.

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു.

ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി.

ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.

തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തില്‍ ഒരു കാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഒരു വിഷാദ മധുര മോഹന കാവ്യം പോലെ വൈലാല്‍ വീടും പരിസരവും ഇത്തവണത്തെ ഓര്‍മ ദിനത്തില്‍ ഒറ്റയ്ക്കാണ്. മാങ്കോസ്റ്റിന്റെ ചുവട്ടില്‍ പതിവായി എത്തുന്ന പരിവാരങ്ങളൊന്നുമില്ല. എല്ലാം കൊവിഡ് തടസ്സപ്പെടുത്തിയിരിക്കുന്നു. കൊവിഡ് കാലമായതിനാല്‍ ഓര്‍മദിന പരിപാടികളെല്ലാം ഇത്തവണ ഓണ്‍ലൈനിലാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here