ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ മാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം പാഡണിഞ്ഞ് പരിശീലനത്തിനൊരുങ്ങി നില്‍ക്കുന്ന ഫോട്ടോ മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം സെവാഗും ഈ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ചെറിയ പരിക്കിന്റെ പേരില്‍ താരത്തെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നാണ് സെവാഗിന്റെ അഭിപ്രായം. “രോഹിത്തിന്റെ പരിക്കിനെക്കുറിച്ച്‌ ഒരു വ്യക്തത ലഭിക്കേണ്ടത് ആവശ്യമാണ്. രോഹിത്തിന്റെ പരിക്കിന്റെ സ്വഭാവം എന്താണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. രോഹിത്തിന് സുഖമില്ലെന്നാണ് പുറത്തുവിടുന്നത്. എന്നാല്‍ അദ്ദേഹം വിശ്രമമെടുക്കകയല്ലേ വേണ്ടത്? എന്നാല്‍ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സിന്റെ കളി നടക്കുന്ന സമയങ്ങളില്‍ ഗ്രൗണ്ടില്‍ കാണാം.

മാത്രമല്ല അദ്ദേഹം പരിശീലനവും നടത്തുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് രോഹിത്തിന് ഒരു കുഴപ്പവുമില്ലെന്നാണ്. ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സാണ് വിശദീകരണം നല്‍കേണ്ടത്. പരിക്ക് എങ്ങനെയുള്ളതാണെന്നും ഭേദമാവാന്‍ എത്ര നാള്‍ വേണ്ടിവരുമെന്നുമുള്ളതടക്കം എല്ലാം അവര്‍ പുറത്തുവിടണം. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിക്കണം. നടക്കാനിരിക്കുന്നത് ദൈര്‍ഘ്യമേറിയ പര്യടനമാണ്. രോഹിത് ടീമിലെ പ്രധാനപ്പെട്ട താരവുമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കിയത് മോശം തീരുമാനമായി. ഞാന്‍ കളിച്ചിരുന്ന സമയത്ത് കെ ശ്രീകാന്ത് മുഖ്യ സെലക്ടറായിരിക്കെ സെലക്ഷന്റെ ദിവസം ഒരു താരത്തിന് പരിക്കേറ്റാല്‍ മാത്രമേ ഒഴിവാക്കിയിരുന്നുള്ളൂ.” സെവാഗ് പറഞ്ഞുനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here