ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയാകുമ്പോൾ സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ മരണഗ്രൂപ്പ്. ഇവർക്കൊപ്പം ഓസ്ട്രേലിയ/യുഎഇ മത്സര വിജയികളും പെറുവും തമ്മിലുള്ള പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി. അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലായതോടെ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയും ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടുമുട്ടുമെന്ന് ഉറപ്പായി. ഇവർക്കൊപ്പം മെക്സിക്കോയും പോളണ്ടും ചേരുന്നതോടെ ഈ ഗ്രൂപ്പും ശക്തം.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോർ, സെനഗൽ, ഹോളണ്ട് എന്നീ ടീമുകൾ ഇടംപിടിച്ചു. നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനൊപ്പം ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്ക്, തുനീസിയ എന്നിവരും ന്യൂസീലൻഡ് X കോസ്റ്റ റിക്ക പ്ലേഓഫ് മത്സരവിജയികളും ചേരും. ഗ്രൂപ്പ് എഫിൽ ബെൽജിയത്തിനൊപ്പം കാനഡ, മൊറോക്കോ, ക്രോയേഷ്യ എന്നീ ടീമുകളാണുള്ളത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവർ ഇടംപിടിച്ചു. ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനൊപ്പം ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ ടീമുകളാണുള്ളത്.

മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ്.

ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ ടീമുകൾ 37 ആകും. പ്ലേഓഫ് മത്സരക്രമത്തിനനുസരിച്ച് ഇവരെ സംയുക്തമായിട്ടാണ് പരിഗണിക്കുക. ജൂൺ 13–14 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.

ഗ്രൂപ്പ് എ – നെതര്‍ലന്‍ഡ്സ്, ഖത്തര്‍, സെനഗല്‍, ഇക്വഡോര്‍

ഗ്രൂപ്പ് ബി – ഇംഗ്ലണ്ട്, ഇറാന്‍, യു.എസ്.എ, യുറോ പ്ലേ ഓഫ് വിജയി

ഗ്രൂപ് സി – അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ് ഡി – ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീസ്യ

ഗ്രൂപ്പ് ഇ – സ്പെയിന്‍, ജര്‍മനി, ജപ്പാന്‍

ഗ്രൂപ്പ് എഫ് – ബെല്‍ജിയം, ക്രൊയേഷ്യ, മൊറാക്കോ, കാനഡ

ഗ്രൂപ്പ് ജി – ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍

ഗ്രൂപ്പ് എച്ച് – പോര്‍ച്ചുഗല്‍, യുറഗ്വായ്, ദക്ഷിണ കൊറിയ,ഘാന

LEAVE A REPLY

Please enter your comment!
Please enter your name here