ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ദേശീയ ടീമിനായും ഐപിഎല്ലിലും വമ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധേയനായിരുന്ന പഠാന്‍ 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും 2007ല്‍ ടി20 ലോകകപ്പ് നേടിയപ്പോഴും ടീമിലുണ്ടായിരുന്നു. 2007 മുതല്‍ 2012 വരെ ദേശീയ ടീമില്‍ സാന്നിധ്യമായി.

തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിടുകയാണെന്ന് പഠാന്‍ പുറത്തുവിട്ട നീണ്ട പ്രസ്താവനയില്‍ പറയുന്നു. കുടുംബത്തിനും കൂട്ടുകാര്‍ക്കും ആരാധകര്‍ക്കും ടീമിനും പരിശീലകര്‍ക്കുമെല്ലാം ഈ വേളയില്‍ നന്ദി പറയുന്നു. ഭാവിയില്‍ ഏവരുടേയും പിന്തുണ തനിക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുതവണ ലോകകപ്പ് നേടിയതും ലോകകപ്പിനുശേഷം സച്ചിനെ ചുമലിലേറ്റി നടന്നതും കരിയറിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളാണെന്നും പഠാന്‍ ഓര്‍ത്തെടുത്തു.

എംഎസ് ധോണിക്ക് കീഴിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ഐപിഎല്ലില്‍ ഷെയ്ന്‍ വോണിന് കീഴിലും രഞ്ജിയില്‍ ജേക്കബ് മാര്‍ട്ടിന് കീഴിലും അരങ്ങേറി. രണ്ടു തവണ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ കൊല്‍ക്കത്ത ടീം ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനും പ്രത്യേക നന്ദി പറയുന്നു. തന്റെ കരിയറിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്ന അനുജന്‍ ഇര്‍ഫാന്‍ പഠാനോടും ഈ അവസരത്തില്‍ നന്ദി പറയുന്നതായി പഠാന്‍ കുറിച്ചു. ക്രിക്കറ്റില്‍നിന്നും തന്നെ അകറ്റി നിര്‍ത്താന്‍ മറ്റൊന്നിനും കഴിയില്ല. ഭാവിയിലും താന്‍ ക്രിക്കറ്റില്‍ തന്നെയുണ്ടാകുമെന്ന് സൂചിപ്പിച്ചാണ് പഠാന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്ത്യയ്ക്കുവേണ്ടി 57 ഏകദിന മത്സരങ്ങളും 22 ടി20 മത്സരങ്ങളും പഠാന്‍ കളിച്ചിട്ടുണ്ട്. 810 റണ്‍സാണ് ഏകദിനത്തിലെ സമ്പാദ്യം. രണ്ടുതവണ സെഞ്ച്വറിയും മൂന്നു തവണ അര്‍ധശതകവും നേടി. ടി20യില്‍ നിന്നും 236 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലില്‍ സെഞ്ച്വറി ഉള്‍പ്പെടെ ഒട്ടേറെ മാച്ച് വിന്നിങ് ഇന്നിങ്സ് പഠാന്റെ പേരിലുണ്ട്. ഒരുകാലത്ത് ഐപിഎല്ലിലെ വിലപിടിപ്പുള്ള കളിക്കാരിലൊരാള്‍ കൂടിയായിരുന്നു പഠാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here