2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഖത്തറിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 47 സ്ഥാനങ്ങള്‍ക്ക് മുന്‍പിലുള്ള ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ഖത്തറിനെതിരായ പോരാട്ടം ഇന്ത്യക്ക് കടുകട്ടിയായിരിക്കുമെന്നാണ് കരുതുന്നത്. കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. എങ്കിലും ആദ്യ പാദ യോഗ്യതാ മത്സരത്തില്‍ അവരെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് കളത്തലിറങ്ങുക. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 10.30നാണ് മത്സരത്തിന്റെ കിക്കോഫ്.

യോഗ്യതാ മത്സരത്തില്‍ നിലവില്‍ ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുകളാണ് ഇതു വരെ നീലക്കടുവകളുടെ സമ്പാദ്യം. ഖത്തര്‍ 13 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും, 12 പോയിന്റുകളുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുക ഇന്ത്യക്ക് ഇനി അസാധ്യം. ആഞ്ഞു പിടിച്ചാല്‍ മൂന്നാം സ്ഥാനത്തെത്താം. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായാല്‍ 2023ലെ ഏഷ്യന്‍ കപ്പ് യോഗ്യതാമല്‍സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യക്ക് നേരിട്ട് ബര്‍ത്ത് ഉറപ്പിക്കാം.

2022ലെ ഫിഫ ലോകകപ്പിലേക്കുള്ള സാധ്യതകള്‍ അവസാനിച്ച സ്ഥിതിക്ക് ഇനിയുള്ള യോഗ്യതാ മത്സരങ്ങളില്‍ പരമാവധി പോയിന്റുകള്‍ നേടി ഏഷ്യാ കപ്പ് യോഗ്യത നേടിയെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ നിര്‍ണായകമാണെങ്കില്‍ ഖത്തറിന് ഇന്നത്തേത് ഒരു പരിശീലനക്കളി മാത്രമായിരിക്കും. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന അവര്‍ 2023ലെ ഏഷ്യകപ്പിനും ഏറെക്കുറെ യോഗ്യത നേടിക്കഴിഞ്ഞു. അത് കൊണ്ടു തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തുക മാത്രമാകും ഇനി ഖത്തറിന്റെ ഏക ലക്ഷ്യം.

ഈ വര്‍ഷം മാര്‍ച്ചില്‍ ഒമാന്‍, യുഎഇ എന്നിവര്‍ക്കെതിരെ നടന്ന മത്സരത്തില്‍ കളിക്കാനില്ലാതിരുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മടങ്ങി വരവ് ഇന്ത്യന്‍ ടീമിന് വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. സൗഹൃദ മത്സരങ്ങളില്‍ പരീക്ഷണ സ്‌ക്വാഡുമായാണ് ഇന്ത്യ കളിച്ചിരുന്നതെങ്കില്‍ പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇത് കൊണ്ടു തന്നെ തീപാറുന്നൊരു പോരാട്ടം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here