രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,986 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 21 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 24 മണിക്കൂറിനിടെ 285 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ 17000 കേസുകളും,ബംഗാളില്‍ 18000 കേസുകളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40000 കടന്നു. രോഗതീവ്രത ഉയരുന്നത് കൊണ്ട് വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നുണ്ട്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ നിലവിൽ വന്നു. രാജസ്ഥാനിലേക്ക് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം.

മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പുറത്ത് വിടും. കുട്ടികളുടെ വാക്സിനേഷന്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ വന്‍ പുരോഗതിയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ട് കോടി പേര്‍ വാക്സിന്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാക്കിയുള്ള ഉത്തരവ് പത്താം തിയതി മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ നടത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here