ലോകരാജ്യങ്ങൾ ദുബായിയുടെ കൈക്കുമ്പിലൊതുങ്ങുന്ന എക്സ്പോയ്ക്ക് 4 മാസങ്ങൾ മാത്രം ശേഷിക്കെ, പവലിയനുകളുടെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. 438 ഹെക്ടർ എക്സ്പോ വേദിയിൽ ആയിരക്കണക്കിനു തൊഴിലാളികൾ പങ്കാളികളായ നിർമാണപ്രവർത്തനങ്ങളുടെ അന്തിമ ഘട്ടം ഉടൻ പൂർത്തിയാകും.

വിവിധ രാജ്യങ്ങളിലെ പ്രശസ്ത ആർക്കിടെക്ടുകൾ, എൻജിനീയർമാർ, സാങ്കേതിക-കരകൌശല വിദഗ്ധർ എന്നിവർ നേതൃത്വം നൽകുന്നതായി എക്സ്പോ 2020 സിഇഒ: മർജാൻ ഫരൈദൂനി പറഞ്ഞു. ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് ഒരുങ്ങുന്ന വിസ്മയലോകത്ത് ഒക്ടോബർ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ. ഇവിടേക്കുള്ള പ്രധാന റോഡുകളും പാലങ്ങളും ലൈറ്റിങ് സംവിധാനങ്ങളും പൂർത്തിയായി.

പുതിയ റൂട്ടുകളും ബസുകളും ആരംഭിച്ചു കഴിഞ്ഞു. എക്സ്പോ വേദിയിൽ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിസ്ട്രിക്ടുകൾ, സോണുകൾ എന്നിവ അണിഞ്ഞൊരുങ്ങുകയാണ്. കൊമേഴ്സ്യൽ ഡിസ്ട്രിക്ടിൽ മാത്രം 8 സോണുകളിലായി 850 ടവറുകളുണ്ട്. അർബൻ വില്ലേജ്, ലെയ്ക് ഡിസ്ട്രിക്ട്, ദ് സെവൻ ടവേഴ്സ്, സെൻട്രൽ പാർക്ക്, ക്രിയേറ്റീവ് കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, ഗ്രാൻഡ് സെൻട്രൽ, ബിസിനസ് ഡിസ്ട്രിക്ട്, റസിഡൻഷ്യൽ ക്രസന്റ് തുടങ്ങിയ പ്രധാന മേഖലകളിൽ വിസ്മയക്കാഴ്ചകൾ നിറഞ്ഞുതുടങ്ങി.

അറേബ്യൻ വിസ്മയക്കാഴ്ചകൾ ഏറെയുള്ള സസ്റ്റൈനബിലിറ്റി പവിലിയനിൽ ജനുവരി 22 മുതൽ ഏപ്രിൽ വരെ പ്രവേശനം അനുവദിച്ചപ്പോൾ വിദേശികളടക്കം ഒരു ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്. എക്സ്പോയിൽ മാത്രം ലഭ്യമാകുന്ന ഏതാനും ഉൽപന്നങ്ങൾ വാങ്ങാനും ഇവർക്ക് അവസരം ലഭിച്ചു. ഇതര എക്സ്പോയിൽ നിന്നു വ്യത്യസ്തമായി ദുബായ് എക്സ്പോയിലെ പ്രധാന നിർമിതികളെല്ലാം മേളയ്ക്കു ശേഷവും നിലനിർത്തുന്നമെന്ന പ്രത്യേകതയുമുണ്ട്. ഈ മേഖല ൈഹടെക് ആസ്ഥാനമാകും.

എക്സ്പോ വേദിയെ ഹൈടെക് നഗരമാക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 9 മാസം മുതൽ ഒരുവർഷം വരെ വേണ്ടിവന്നേക്കും. പുതിയ സംരംഭങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മുഖ്യകേന്ദ്രമായി മാറും. മേഖലയെ ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുന്നതും പദ്ധതിയുടെ ഭാഗം.

വിമാനത്താവളം, ചരക്കു സംഭരണം എന്നിവ ഉൾപ്പെടുന്ന സ്മാർട് കേന്ദ്രം. സോളർ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ ഈർപ്പത്തിൽ നിന്നു മഴപെയ്യിക്കുന്നടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ, സോളർ പദ്ധതികൾ, ബഹിരാകാശ സംരംഭങ്ങൾ തുടങ്ങിയവയുടെ പ്രധാന കേന്ദ്രമായിരിക്കും ഇവിടം. എക്സ്പോ വേദിയുടെ ‘ഡിജിറ്റൽ ട്വിൻ’ യാഥാർഥ്യമാക്കുന്നതാണു മറ്റൊന്ന്. ഡിജിറ്റൈസ് സംവിധാനങ്ങളുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ഹൈടെക് ലോകമാണിത്.

ഡേറ്റകൾ ശേഖരിക്കാനും അപഗ്രഥിക്കാനും സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയും.പ്രദർശന കേന്ദ്രങ്ങൾ, മെട്രോ സ്റ്റേഷൻ, ഹരിത മേഖലകൾ, ഗതാഗതം, പാർക്കിങ് തുടങ്ങിയവ ഡിജിറ്റൽ ശൃംഖലയുടെ ഭാഗമാകും.

മൊബിലിറ്റി, സസ്റ്റൈനബിലിറ്റി, ഓപ്പർച്യൂനിറ്റി പവിലിയനുകൾ, 2 പാർക്കുകൾ, ജലാശയങ്ങൾ എന്നിവ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളാകും. രാജ്യാന്തര മേളകൾ ഇവിടെയാകും സംഘടിപ്പിക്കുക. പ്രകൃതിയിലെ അദ്ഭുതങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ് സസ്റ്റൈനബിലിറ്റി പവിലിയൻ എന്ന അതിവിശാല ലോകം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഇപ്പോൾ നടക്കുന്ന പ്രധാന രാജ്യാന്തര മേളകൾ ഭാവിയിൽ എക്സ്പോ എക്സിബിഷൻ സെന്ററിലാകും അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here