സൗദിയിൽ ഇന്ന് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം. 50 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം രാജ്യത്ത് മരണത്തിന് കീഴടങ്ങി. 4,387 പേരെ പുതുതായി കോവിഡ് ബാധിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

3,648 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ അൽഹസയിലെ ഹുഫൂഫിൽ ആണ്. 908 കേസുകൾ. റിയാദ്, മുബറസ്, ദമാം, മക്ക, തായിഫ്, ജിദ്ദ, അബ്ഹ, മദീന എന്നീ പ്രദേശങ്ങളാണ് തൊട്ടു പിന്നിൽ. ഇതോടെ നിലവിൽ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 19,823 ഉം മരണസംഖ്യ 1,649 ഉം സുഖം പ്രാപിച്ചവർ 1,30,766 ഉം ആയി ഉയർന്നു.

58,408 രോഗികളാണ് വിവിധ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,278 പേരുടെ നില ഗുരുതരമാണ്. ‌48,173 പുതിയ പരിശോധനകൾ ഉൾപ്പെടെ രാജ്യത്താകെ ഇതിനകം 16,39,314 കോവിഡ് ടെസ്റ്റുകൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ 195 പ്രദേശങ്ങളിലാണ് ഇതുവരെ കോവിഡ് ബാധിച്ചത്. രാജ്യത്ത് കോവിഡ് പരിചരണത്തിന് മാത്രമായി സ്ഥാപിച്ച ആശ്വാസ ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം 1,74,313 ആയി.

നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് വേണ്ടി ഏർപ്പെടുത്തിയ ചികിത്സാ സൗകര്യങ്ങളാണ് ‘തത്മൻ’ എന്ന പേരിൽ അറിയപ്പെടുന്ന ആശ്വാസ ക്ലിനിക്കുകൾ. അവരിൽ 12 ശതമാനം മാത്രമാണ് ചികിത്സാ പ്രോട്ടോക്കോൾ ആവശ്യമായി വന്നവർ. അത്യാഹിത ചികിത്സ നൽകേണ്ടി വന്നവർ 3 ശതമാനവും. ‘എന്റെ ആരോഗ്യം’ ആപ്പ് വഴി 2,55,497 പേർ സേവനം പ്രയോജനപ്പെടുത്തിയതായും ആരോഗ്യ വക്താവ് ഡോ. അബ്ദുൽ അലി പറഞ്ഞു.

കൊറോണ വൈറസ് ഇപ്പോഴും സജീവമാണ്, പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെ മാത്രമേ ഇത് തടയാനാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു. വൈറസ് രോഗമുക്തി പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഈ വൈറസ് ജനിതകമായി സ്ഥിരതയുള്ളതാണ് എന്നത് സമ്മർദം സൃഷ്ടിക്കുന്നു. വൈറസ് വ്യാപനവും പകർച്ചയും തുടരുന്നുണ്ട്. കൃത്യമായ മുൻകരുതൽ നടപടികൾ എടുക്കാതെ, ശീലങ്ങൾ അനുവർത്തിക്കാതെ പകർച്ച വ്യാധി തടയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here