കേരളത്തിൽ തിങ്കളാഴ്ച 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 784 പേർ രോഗമുക്തി നേടി. 7 മരണം. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയംനിരീക്ഷണത്തിൽ പോകണം. പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മരണപ്പെട്ടവരുടെ എണ്ണം 48. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ തിരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. ഇതിൽ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നിൽകണ്ട് സുരക്ഷ ശക്തമാക്കി.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറൽ, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കൾ കർശനമാക്കുന്നു. ഇവിടങ്ങളിൽ ഐജിമാർ, ഡിഐജിമാർ, ജില്ലാ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചു.

തീരദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിവിധ മേഖലകളുടെ ഏകോപനത്തിനുമായി ഐജി എസ്. ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റൽ പൊലീസ് അദ്ദേഹത്തെ സഹായിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം നടത്തി സ്വയം സുരക്ഷ ഉറപ്പാക്കുന്ന നെയ്ബർഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here