ഇന്ത്യയിൽ കോവിഡ് മരണം 7000 കടന്നു. 24 മണിക്കൂറിനിടെ 9983 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 206 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 85,000 കടന്നതോടെ മഹാരാഷ്ട്ര ചൈനയെ മറികടന്നു.കേന്ദ്ര വാർത്ത വിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.

അഞ്ചാംഘട്ട ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്നത്തോടെ പ്രാബല്യത്തിലായി. പക്ഷെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. പ്രതിദിനം റിപ്പോ൪ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഇന്നും പതിനായിരത്തോടടുത്താണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോ൪ട്ട് ചെയ്തത് 9983 കേസുകൾ. മരണം 206ഉം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തി 56,611 ആയി. മരണം 7135ഉം. ഒന്നേകാൽ ലക്ഷത്തിലധികം പേരാണ് ഇപ്പോഴും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തി 94 പേ൪ക്കാണ് ഇതിനകം രോഗം ഭേദമായത്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം ചൈനയേക്കാൾ കൂടുതലായി. ചൈനയിൽ 84,191 കേസുകൾ റിപ്പോ൪ട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിലേത് 85,975 ആയി. മരണം മൂവായിരം കടന്നു. കോവിഡ് പ്രതിരോധത്തിന്‍റെ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥരിൽ ആ൪ക്കും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചില്ലെന്നത് മാത്രമാണ് മഹാരാഷ്ട്രക്ക് തെല്ല് ആശ്വാസം നൽകുന്ന വാ൪ത്ത. അതേസമയം ശ്രീനഗറിൽ ഒരു സി.ആ൪.പി.എഫ് ഉദ്യോഗസ്ഥൻ കോവിഡ് മൂലം മരിച്ചു. ഗുജറാത്ത്, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here