അബുദാബിയിലേക്ക് റോഡുമാർഗം പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
48 മണിക്കൂറിനിടയിൽ ലഭിച്ച കോവിഡ് നെഗറ്റീവ് പി.സി.ആർ. ഫലം, അല്ലെങ്കിൽ ഡി.പി.ഐ. നെഗറ്റീവ് ഫലം എന്നിവയിൽ ഏതെങ്കിലും ഒന്നുമായി അബുദാബിയിലേക്ക് പ്രവേശിക്കാമെന്ന വ്യവസ്ഥ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. മറ്റ് എമിറേറ്റുകളിൽനിന്നുള്ള പൗരന്മാർ, സന്ദർശകർ എന്നിവർ തുടർച്ചയായി ആറോ അതിൽ കൂടുതലോ ദിവസങ്ങൾ അബുദാബിയിൽ തുടരുകയാണെങ്കിൽ ആറാം ദിവസം നിർബന്ധമായും പി.സി.ആർ. പരിശോധന നടത്തണം. ഈ പരിശോധന നിർബന്ധമാണെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടികളുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.