നയതന്ത്ര ബന്ധ കരാർ ഒപ്പിട്ടതിനു പിന്നാലെ യുഎഇയിലെയും ഇസ്രയേലിലെയും ചലച്ചിത്ര ഏജൻസികൾ തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിന് കരാർ ഒപ്പുവച്ചു. ചലച്ചിത്ര- ടെലിവിഷൻ പരമ്പര നിർമാണത്തിനു പുറമേ പ്രാദേശിക ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ കരാറിലുണ്ട്.

അബുദാബി ഫിലിം കമ്മിഷൻ (എഡിഎഫ്സി), ഇസ്രയേൽ ഫിലിം ഫണ്ട് (ഐഎഫ്എഫ്, ജറുസലം സാം സ്പീഗൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾ (ജെഎസ്എഫ്എസ്) എന്നിവ പരസ്പരം സഹകരിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സഹിഷ്ണുത, വിദ്യാഭ്യാസം തുടങ്ങിയവ വളർത്തുന്നത് ലക്ഷ്യം വച്ചുള്ള പരിപാടികൾ നിർമിക്കും. ശിൽപശാലകൾ, പരിശീലനം, വിദ്യാഭ്യാസം, രാജ്യന്തര ഫിലിം ലാബും പ്രാദേശിക ചലച്ചിത്രോൽസവങ്ങൾ എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാവും സഹകരണം.

ജെഎസ്എഫ്എസിന്റെ ജറുസലം ക്യാംപസുകളിലെ മൂന്നു വിദ്യാലയങ്ങളിൽ ഒന്നിൽ ഇമറാത്തി വിദ്യാർഥികൾക്ക് പഠനത്തിന് അവസരവും നൽകും. ഇരു രാജ്യങ്ങളും സഹകരിച്ചുള്ള ചലച്ചിത്ര നിർമാണ സംരംഭങ്ങളും ആരംഭിക്കാൻ പദ്ധതിയുണ്ട്. കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണവും ശക്തിപ്പെടുകയാണെന്നും ഇമറാത്തി മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതൽ മെച്ചപ്പെട്ട കലാസൃഷ്ടികൾ ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് ഉണ്ടാകാൻ ഇതു സഹായകമാകുമെന്നും ടുഫോർ 54 ആൻഡ് ഇമേജ് നേഷൻ അബുദാബി ചെയർമാൻ മുഹമ്മദ് അൽ മുബാറക് ചൂണ്ടിക്കാട്ടി.

ചലച്ചിത്രങ്ങൾക്ക് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഭാഷയാണുള്ളതെന്നും മധ്യപൂർവദേശത്തെ കൂടുതൽ പേരുമായും രാജ്യങ്ങളുമായും ഇടപഴകാനും പഠിക്കാനും കലാമൂല്യമുള്ള സൃഷ്ടികൾ നടത്താനും ഈ സഹകരണം വഴി കഴിയുമെന്ന് ഐഎഫ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഷൈലോക്ക് ഉസ്രദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here