കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്ബനി ചെയര്‍മാന്‍ കൃഷ്‌ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്ബനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

വാക്‌സിന്‍ വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും 1.3 ബില്ല്യണ്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച്‌ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് ഇഞ്ചക്ഷനാണെന്നതില്‍ തനിക്ക് സന്തോഷമില്ലെന്നും 2.6 ബില്ല്യണ്‍ ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്കിന്റെ പദ്ധതി. കഴിഞ്ഞ രണ്ടുമാസമായി പരീക്ഷണശാലകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു കമ്ബനി. പതിനാലോളം സംസ്ഥാനങ്ങളില്‍ പരീക്ഷണശാലകള്‍ ഉണ്ടാകും. ഇതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here