നാളെ മുതൽ അബുദാബിയിൽ ഡർബ് ടോൾ ഗേറ്റ് പ്രവർത്തനമാരംഭിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ രാത്രി 7 വരെയും മാത്രമാണ് ടോൾ. മറ്റു സമയങ്ങളിലും വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളിലും സൗജന്യം.

ടോൾ ഒഴിവാക്കാം

പാർക്ക് ആൻ‍ഡ് റൈഡിലൂടെടോൾ നൽകാതെ നഗരത്തിലേക്കു കടക്കാൻ സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ‘പാർക്ക് ആൻഡ് റൈഡ്’ സൗകര്യം ഒരുക്കി. ദൂരെനിന്ന് വരുന്നവർക്ക് മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഹാമ എന്നിവിടങ്ങളിലെ പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ട് സൗജന്യ ബസിൽ നഗരത്തിൽ പോയി വരാം. 1000 വാഹനങ്ങൾക്കു പാർക്കു ചെയ്യാൻ സൗകര്യമുണ്ട്.

പാർക്കിങ് സൗജന്യം ബസ് യാത്രയും

ഗതാഗത വകുപ്പ് ഓഫിസിൽനിന്ന് പാർക്ക് ആൻഡ് റൈഡ് കാർഡ് വാങ്ങിയാൽ പാർക്കിങും ബസ് യാത്രയും സൗജന്യമാക്കാം. ഈ കാർഡ് ഉപയോഗിച്ച് ഒരു വാഹനത്തിൽ വന്ന 3 പേർക്ക് ബസിൽ സൗജന്യ യാത്ര അനുവദിക്കും.

ബസ് സർവീസ്

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽഹുവൈമിൽ നിന്ന് പുറപ്പെടുന്ന 104ാം നമ്പർ ബസുകൾ സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റിലെ അബുദാബി പ്രധാന ബസ് സ്റ്റേഷൻ, ഹസ്സ ബിൻ സായിദ് സ്ട്രീറ്റിലെ അൽവഹ്ദ മാൾ, ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലെ ഇത്തിസലാത്ത് കെട്ടിടം, ഷെയ്ഖ് റാഷിദ് ബിൻ‍ സഈദ് സ്ട്രീറ്റിലെ ഖസർ അൽ ഹൊസൻ, ഖലീഫ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കും. യാത്രാസമയം 50 മിനിറ്റ്. ഷഹാമയിലെ എഫ്1 അസംബ്ലി പോയിന്റിൽനിന്ന് നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിലേക്കുള്ള 404–ാം നമ്പർ ബസ് അൽദാനയിലെ മർയം ബിൻത് സഈദ് മോസ്ക്, അബുദാബി സെൻട്രൽ പോസ്റ്റ് ഓഫിസ്, ഷെയ്ഖ് ഖലീഫ സ്ട്രീറ്റ്, സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.

ബസ് സമയം

ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും 20 മിനിറ്റും അല്ലാത്ത സമയങ്ങളിൽ 60 മിനിറ്റ് ഇടവിട്ടും ബസ് സർവീസുണ്ടാകും. 24 സീറ്റുകളുള്ള മിനി സ്മാർട് ബസുകളാണ് സർവീസ് നടത്തുക.

റജിസ്റ്റർ ചെയ്യണം

നേരത്തെ ടോൾ അക്കൗണ്ട് റജിസ്റ്റർ ചെയ്യുകയും പുതിയ ഡർബ് സംവിധാനത്തിലേക്കു മാറാത്തവരും ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരും എത്രയും വേഗം നടപടികൾ പൂർത്തിയാക്കണം. https://darb.itc.gov.ae വെബ്സൈറ്റിലോ Darb app ആപ്പിലോ റജിസ്റ്റർ ചെയ്യണം. 100 ദിർഹം അടച്ച് റജിസ്റ്റർ ചെയ്യുമ്പോൾ 50 ദിർഹം ക്രെഡിറ്റ് ലഭിക്കും.

പിഴ ഒഴിവാക്കാം

റജിസ്റ്റർ ചെയ്യാതെ ടോൾ ഗേറ്റ് കടന്നാൽ 100 ദിർഹം പിഴ. 10 ദിവസത്തിനകം റജിസ്റ്റർ ചെയ്ത് തുക അടച്ചാൽ പിഴ ഒഴിവാക്കും. നിയമം ലംഘനം ആവർത്തിച്ചാൽ 200, മൂന്നാമതും നിയമം ലംഘിച്ചാൽ 400 എന്നിങ്ങനെയാണ് പിഴ. അക്കൗണ്ടിൽ പണമില്ലാതെ ഗേറ്റ് കടന്നാൽ പിഴ 50 ദിർഹം. 5 ദിവസത്തിനകം തുക അക്കൗണ്ടിലെത്തിയാൽ പിഴ ഒഴിവാകും. ടോൾ ഒഴിവാക്കാനായി നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തുക, ടോൾ മെഷീനും ടോൾഗേറ്റും കേടുവരുത്തുക എന്നിവയ്ക്ക് 10,000 ദിർഹമാണ് പിഴ.

LEAVE A REPLY

Please enter your comment!
Please enter your name here