യു.എ.ഇ.യിലെ ആദ്യ ഓഫ് റോഡ് അഡ്വഞ്ചർ പാർക്കായ ‘എക്സ് ക്വാറി’ ഫെബ്രുവരി അഞ്ചിന് ഷാർജ മെലീഹയിൽ പ്രവർത്തനമാരംഭിക്കും. ഓഫ് റോഡ് ട്രാക്ക്, ട്രെക്കിങ്, റിമോട്ട് കാർ റേസ്, മൗണ്ടയിൻ ബൈക്കിങ്, ഹൈക്കിങ് തുടങ്ങി സാഹസിക സഞ്ചാരികളായ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പാകത്തിലുള്ള വേറിട്ട അനുഭവങ്ങൾ ‘എക്‌സ് ക്വാറി’ ഓഫ് റോഡ് അഡ്വഞ്ചർ പാർക്കിലുണ്ടാവും. ഷാർജ നിക്ഷേപവികസന വകുപ്പിന്റെയും (ഷുറൂഖ്) മെലീഹ ആർക്കിയോളജി സെന്ററിന്റെയും പ്രത്യേക പങ്കാളിത്തത്തോടെയാണ് പാർക്ക് പ്രവർത്തിക്കുന്നത്.

രണ്ട് കിലോമീറ്റർ നീളമുള്ള ഒബ്സ്റ്റക്കിൾ റൺ ട്രാക്കും ഹരം പകരും. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന റിമോട്ട് കാർ മത്സരയോട്ടങ്ങൾക്കായൊരു പ്രത്യേക ട്രാക്ക് തന്നെ എക്‌സ് ക്വാറിയിൽ തയാറാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന സാഹസികാനുഭവങ്ങൾ സമ്മേളിക്കുന്ന യു.എ.ഇയിലെ തന്നെ ആദ്യത്തെ പാർക്കാണ് എക്‌സ് ക്വാറി.

വേറിട്ടതും വൈവിധ്യമാർന്നതുമായ ധാരാളം വിശേഷങ്ങൾ മനോഹരമായ മെലീഹ മരുഭൂമിയുടെ പശ്ചാത്തലത്തിൽ തയാറായിട്ടുണ്ട്. ചരിത്രകാഴ്ചകൾക്കും മരുഭൂമിയിലെ കാഴ്ചകൾക്കും വിശേഷങ്ങൾക്കും പ്രസിദ്ധമായ മെലീഹ സന്ദർശിക്കാൻ പുതിയൊരു കാരണം കൂടിയായി എക്സ് ക്വാറി മാറുമെന്ന് ഷുറൂഖ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അഹമ്മദ് അൽ ഖസീർ പറഞ്ഞു. ഇവിടെ ഫോർ വീൽ ഡ്രൈവിങ് കൂടുതൽ മനസ്സിലാക്കാനും പരിശീലിക്കാനുമാവും. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ പാകത്തിലാണ് ഓരോന്നും ക്രമീകരിച്ചിരിക്കുന്നതെന്ന് എക്സ് ക്വാറി അഡ്വഞ്ചർ പാർക്കിന്റെ മാനേജിങ് പാർട്ണറായ ഡാനിയൽ ബർകോഫർ പറഞ്ഞു.

ആഴ്ചാവസാനങ്ങളിൽ പ്രവർത്തിക്കുന്ന പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി അഞ്ച്, ആറ്് ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടാം- www.xquarry.com

തകർപ്പൻ ഓഫ് റോഡ് ട്രാക്ക്

ഷാർജ മെലീഹ മരുഭൂമിയിൽ ഒരു ദശലക്ഷം സ്‌ക്വയർ മീറ്ററിലാണ് പാർക്കൊരുക്കിയിട്ടുള്ളത്. 15 കിലോമീറ്റർ നീളമുള്ള തകർപ്പൻ ഓഫ് റോഡ് ട്രാക്കാണ് പ്രധാന ആകർഷണം. കല്ലുകളും പാറക്കെട്ടും ചെളിയുമെല്ലാമുള്ള ഈ ദൂരത്തിൽ മറികടക്കാൻ 20 പ്രതിബന്ധങ്ങളുമുണ്ടാവും. മനോഹരമായ മണൽപരപ്പിലാണ് പാർക്കെന്നുള്ളതുകൊണ്ട്, വേണമെങ്കിൽ ഡെസേട്ട് സഫാരിയും ആസ്വദിക്കാം. ഇതിനുപുറമേ മലനിരകൾക്കിടയിലൂടെ പത്ത് കിലോമീറ്റർ നീളമുള്ള മൗണ്ടയിൻ ബൈക്കിങ് ട്രാക്ക്, കുന്ന് കീഴടക്കാനുള്ള ട്രക്കിങ്, ഹൈക്കിങ് എന്നിങ്ങനെ വേറെയും വിശേഷങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here