കൊറോണ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഇനി 2021ല്‍ ആകും ലോകകപ്പ് നടക്കുക. അണ്ടര്‍ 17 ലോകകപ്പിന് പകരം അണ്ടര്‍ 18 ലോകകപ്പായാകും അത് നടക്കുക. ഈ വര്‍ഷത്തെ ലോകകപ്പിന് വേണ്ടി ഒരുക്കിയ ടീമുകള്‍ക്ക് പിന്തുണ നല്കാന് വേണ്ടിയാണ് അണ്ടര്‍ 18 ലോകകപ്പായി ഇതിനെ മാറ്റുന്നത്.
ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ഇരിക്കെയാണ് ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയത്. ഇപ്പോള്‍ ഇന്ത്യയിലും സ്ഥിതി നിയന്ത്രണം വിട്ടതോടെയാണ് ലോകകപ്പ് മാറ്റാന്‍ തന്നെ തീരുമാനിച്ചത്. നവംബര്‍ 2ന് ആരംഭിച്ച് നവംബര്‍ 21ന് ഫൈനല്‍ നടക്കുന്ന വിധത്തില്‍ ആയിരുന്നു ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചിരുന്നത്. 2021 നവംബറില്‍ ആകും ഇനി ലോകകപ്പ് നടക്കുക.