യുഎഇ രാഷ്ട്രശിൽപി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണകളിലാണ് റമദാൻ കടന്നു പോകുന്നത്. മാനവികതയുടെ പ്രചാരകനും സഹിഷ്ണുതയുടെ മാതൃകയുമായി ജ്വലിച്ചു നിന്ന ഷെയ്ഖ് സായിദ്, സാംസ്കാരിക വഴികളിലും അതുല്യ സേവനമനുഷ്ഠിച്ച മനീഷിയാണ്. പുതിയ തലമുറ വായിച്ച് വളർന്ന് ഔന്നത്യമുള്ളവരാകണമെന്ന് അഭിലഷിച്ച അദ്ദേഹം 1981ൽ അബുദാബിയിൽ പുസ്തകമേളയ്ക്ക് നാന്ദി കുറിച്ചു.

‘ഇസ്‌ലാമിക പുസ്തക മേള’ എന്ന പേരിലായിരുന്നു പ്രഥമ പുസ്തപ്രദർശനം. 1986 ൽ ഇതു വിപുലപ്പെടുത്തി ‘അബുദാബി രാജ്യാന്തര പുസ്തകമേള’ യാക്കി മാറ്റി. തലസ്ഥാന നഗരത്തെ ലോകപ്രസിദ്ധീകരണാലയങ്ങളുടെ ശ്രദ്ധാ കേന്ദ്രമാക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായിരുന്നു ഇത്. ലോക സാംസ്കാരിക ചലനങ്ങളെ വൈവിധ്യമാർന്ന കൃതികളിലൂടെ പരിചയപ്പെടുത്താനായി 1981ൽ പ്രസിദ്ധീകരണാലയത്തിനും ശിലയിട്ടിരുന്നു.

ഐക്യ എമിറേറ്റുകളിലേക്ക് ജ്ഞാനപ്രവാഹമുണ്ടാക്കാനായിരുന്നു പ്രസിദ്ധീകരണ രംഗത്തേക്കുള്ള ചുവടു വയ്പുകൾ. ഇന്ന്, അറബിക്കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമായി നിറഞ്ഞു നിൽക്കുന്നവർ ഷെയ്ഖ് സായിദ് പാകിയ പുസ്തവിപ്ലവത്തിന്റെ പ്രായോക്താക്കളാണ്. യുഎഇയിൽ മാത്രമല്ല അറബ്, ഗൾഫ് രാജ്യങ്ങളിലെ സാഹിത്യകാരന്മാർക്കും ഷെയ്ഖ് സായിദ് ഒഴുക്കിയ അറിവിന്റെ ഉറവയിൽ നിന്ന് ആവോളം നുകരാനായി എന്നതാണ് യാഥാർഥ്യം. വേലി കെട്ടാത്ത പുസ്ത, വായന സംസ്കാരമാണ് ഷെയ്ഖ് സായിദ് സമ്പന്നവും സമൃദ്ധവുമാക്കിയത്.

‘വിജ്ഞാനവും സംസ്ക്കാരവുമാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറ. നാഗരിക നിർമിതിയുടെ ആധാരശിലയുമതാണ്. ജ്ഞാനോദയമില്ലാതിരുന്നാൽ അവിടെ നാഗരികതകൾ വിസ്മൃതമായിരിക്കും. വ്യാവസായിക പുരോഗതിയും കടന്നു വരില്ല. തദ്ദേശീയർക്ക് അനുപേക്ഷണീയ കാർഷികരംഗവും കൂമ്പടയും’ ഒരു ജനതയെ പുരോഗതിയുടെ ഉച്ചിയിലേക്ക് നയിച്ച ഭരണാധികാരിയായ ഷെയ്ഖ് സായിദിന്റെ തത്വാധിഷ്ഠിത നിലപാട് ഇതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here