രണ്ടാമത് അബൂദബി സ്മാര്‍ട്ട് സിറ്റി ഉച്ചകോടി നവംബര്‍ 23, 24 തീയതികളില്‍ ഇത്തിഹാദ് ടവറില്‍ നടക്കും. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലാണിത്. കാര്യക്ഷമമായ പരിഹാരങ്ങള്‍ക്കും പ്രവര്‍ത്തനപദ്ധതികള്‍ ,സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ വികസിപ്പിക്കുന്നതിനും വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള മികച്ച വഴികള്‍ ചര്‍ച്ച ചെയ്യും.
സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്കുന്ന വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തന്ത്രജ്ഞര്‍, സര്‍ക്കാര്‍-സ്വകാര്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിര്‍മിതബുദ്ധിയുടെ മേഖലയില്‍ 2031ഓടെ യു.എ.ഇ ലക്ഷ്യമിടുന്ന പദ്ധതിക്ക് അനുസൃതമായാണ് ഉച്ചകോടി നടക്കുക.
അതെ സമയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ഭാവിസേവനങ്ങള്‍, മേഖലകള്‍, എന്നിവക്ക് പുതിയ ചട്ടക്കൂടുകള്‍ വികസിപ്പിക്കുകയും എമിറേറ്റിലെ സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള പദ്ധതികളെ ഉച്ചകോടി പിന്തുണക്കുകയും ചെയ്യും. റോഡ്, പാര്‍ക്ക്, വിനോദ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനത്തിന് പൊതു, സ്വകാര്യ മേഖലകളിലെ പുതിയ സാങ്കേതിക പുരോഗതികളും പുതുമകളും അവലോകനം ചെയ്യും.