നിക്ഷേപകർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സ്വസ്ഥവും ഗുണകരവുമായ ബിസിനസ് അന്തരീക്ഷമാണ് ദുബായിൽ നിലനിൽക്കുന്നതെന്ന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോർട്ട് (ഡി.ഐ.എഫ്.സി. കോർട്ട്) ചീഫ് ജസ്റ്റിസ് സാക്കി അസ്മിക്ക് നൽകിയ സ്വീകരണത്തിലാണ് ശൈഖ് മേഖലയിലെ ബിസിനസ് അന്തരീക്ഷത്തെക്കുറിച്ച് വിശദീകരിച്ചത്.

സുസ്ഥിരമായ വികസനസാഹചര്യവും നവീന നിയമവ്യവസ്ഥകളും കച്ചവടക്കാരുടെ ഇഷ്ടയിടമാക്കി ദുബായിയെ മാറ്റുന്നു. അടുത്ത 50 വർഷത്തെ വികസന പദ്ധതികളുടെ ഭാഗമായുള്ള നേരിട്ടുള്ള വിദേശനിക്ഷേപമടക്കമുള്ള വ്യവസായ സൗഹാർദ നടപടികൾ നവീന നിയമനിർമാണവുമായി ചേർന്നുനിൽക്കുന്നതാണ്. ഇത് ദുബായിയെ മേഖലയിലെ സുപ്രധാന ബിസിനസ് ഹബ് ആക്കി നിലനിർത്തുമെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.

സാമ്പത്തിക തർക്കങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാക്കുന്ന കോടതി നടപടിക്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. എക്സ്പോ വേദിയിൽ നടന്ന ചടങ്ങിൽ ഡി.ഐ.എഫ്.സി. കോർട്ട് ഡയറക്ടർ ഒമർ ജുമ അൽ മുഹൈരിയും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here