യു.എ.ഇയുടെ വളര്‍ച്ചയിലും പുരോഗതിയിലും ഇന്ത്യക്കാരുടെയും മലയാളി ബിസിനസ് സമൂഹത്തിന്റെയും പങ്ക് മഹത്തരമാണെന്ന് ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ബിസിനസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് മേധാവി ഖാലിദ് അബ്ദുല്‍ റഹീം അല്‍ശൈബാനി. ഇന്റര്‍നാഷനൽ ബിസിനസ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ (ഐ.പി.എ) ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്, മലയാളി ബിസിനസ് ഡോട്കോം എന്നിവയുടെ സഹകരണത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് 2022’ ടെക് ഇന്‍വെസ്റ്റ്മെന്റിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ചയുടെ ഭാവിഘട്ടത്തില് അവഗണിക്കാനാവാത്ത മേഖലയായി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തെ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളെ ദുബൈ പിന്തുണക്കുന്നുണ്ട്. ഈ ദിശയിലുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.