പുതിയ വിസകൾ അനുവദിക്കുന്നതിന്റെ പരീക്ഷണഘട്ടം ആരംഭിച്ചതോടെ അപേക്ഷകർ നിരവധി. സെപ്റ്റംബർ അഞ്ചുമുതലാണ് പദ്ധതിയുടെ ട്രയൽ ആരംഭിച്ചത്. അടുത്ത മാസം മൂന്നുമുതൽ പൂർണാർഥത്തിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് അന്വേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചുവർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾട്ടിപ്പ്ൾ എൻട്രി വിസക്കുമാണ് കൂടുതൽ അന്വേഷണങ്ങൾ വരുന്നതെന്ന് ഏജന്റുമാർ പറയുന്നു. മൾട്ടിപ്പ്ൾ എൻട്രി വിസക്കായി ഫ്രീലാൻസർ ജോലി ചെയ്യുന്നവരും മറ്റു രാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്നവരുമാണ് അന്വേഷിക്കുന്നത്.
ഈ വിസ സ്വന്തമാക്കിയാൽ യു.എ.ഇയിൽ താമസിച്ച് ജോലി ചെയ്യാനാവുമെന്നതാണ് പലരെയും ആകർഷിക്കുന്നത്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ചുവർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്നുവർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്കാണ് ലഭിക്കുന്നത്. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. കമ്പനികളിലെ നിക്ഷേപകർക്കും പാർട്ണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും. ഇത്തരക്കാരാണ് കൂടുതലായി ഗ്രീൻവിസക്ക് അന്വേഷിക്കുന്നത്.
പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസ ലഭിക്കാത്ത വിദഗ്ധ തൊഴിലുകൾ ചെയ്യുന്നവർക്ക് ഗ്രീൻവിസ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് പകർന്നിരിക്കുന്നത്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വിസ പുതുക്കേണ്ട ബാധ്യതയിൽനിന്ന് മോചിതരാകാനും കഴിയുമെന്ന് പലരും കണക്കുകൂട്ടുന്നു.