മെഡിക്കല്‍ ഓക്‌സിജന്‍ ഘടിപ്പിച്ച ആദ്യത്തെ അഗ്‌നിശമന വാഹനം അബുദാബി സിവില്‍ ഡിഫെന്‍സ് പുറത്തിറക്കി. ആംബുലന്‍സുകളില്‍ ലഭ്യമാകുന്നതിന് സമാനമായ ഓക്‌സിജന്‍ സിലിണ്ടറുകളും, വിവിധ കണ്‍ട്രോള്‍ പോര്‍ട്ടുകള്‍ വഴി ഒരേ സമയം 5 അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനും പര്യാപ്തമാണ് ഈ പുതിയ വാഹനങ്ങള്‍.

തീ അണക്കുന്ന സമയത്ത് പുക ശ്വസിക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് എത്രയും വേഗം സാധാരണ നിലയില്‍ ശ്വാസം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നതിനോടൊപ്പം അവര്‍ക്ക് കര്‍ത്തവ്യ നിര്‍വഹണത്തില്‍ കൂടുതല്‍ പിന്തുണയും സംരക്ഷണവും നല്‍കുവാനും ഇത്തരം പുതിയ വാഹനങ്ങള്‍ വഴി സാധ്യമാകും. ഇത് അവരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ അവരുടെ പ്രകടന ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.

അബൂദബി പോലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രതിരോധം, സുരക്ഷ, അഗ്‌നിശമനം എന്നീ മേഖലകളിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രയോഗങ്ങളും അനുസരിച്ചാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളത് എന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമ്രി പറഞ്ഞു.പ്രയാസമേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന അഗ്‌നിശമന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസതടസ്സം പോലെയുള്ള അസുഖങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും വേണ്ടി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എടുക്കുന്ന സ്മാര്‍ട്ട് നടപടികളുടെ ഭാഗമായാണ് ഇത്തരം വാഹനങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here