തലസ്ഥാന നഗരയിൽ കോവിഡ് മാനദണ്ഡങ്ങളിൽ നാളെ (വ്യാഴം) മുതൽ ഇളവ് വരുത്തി. സാമ്പത്തിക, ടൂറിസ, വിനോദ വിഭാഗങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ഷോപ്പിങ് സെന്റർ, വിനോദ കേന്ദ്രങ്ങൾ, റസ്റ്ററന്റ്, നഴ്സറി എന്നിവയ്ക്കും ഇളവുണ്ടെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഇതര എമിറേറ്റിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കിയാൽ മതി. തുടർച്ചയായി അബുദാബിയിൽ ആറാം ദിവസം പിസിആർ ടെസ്റ്റ് എടുത്താൽ മാത്രം മതിയാകും. നേരത്തെ 4, 8 ദിവസങ്ങളിൽ എടുക്കണമായിരുന്നു.

കോവിഡ് പകർച്ച കുറഞ്ഞ ഗ്രീൻ വിഭാഗം രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ക്വാറന്റീന് ‍വേണ്ട. മറ്റു രാജ്യക്കാർക്ക് ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറച്ചു. വിദേശത്തുനിന്ന് എത്തി തുടർച്ചയായി 6, 12 ദിവസങ്ങളിൽ കൂടുതൽ അബുദാബിയിൽ താമസിക്കുന്നവർ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം.

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറച്ചു. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവായാൽ പത്താം ദിവസം പുറത്തിറങ്ങാം. രണ്ടാഴ്ചയിൽ ഒരിക്കൽ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മാറ്റം വരുത്തുമെന്നും അറിയിച്ചു. വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളാവുകയും 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റിനു വിധേയമാകുകയും ചെയ്യുന്നവർ വിദേശത്തുപോയി തിരിച്ചെത്തിയാലും ക്വാറന്റീൻ വേണ്ട.

വ്യവസായ മേഖലകളിലും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലും കോവിഡ് പരിശോധന തുടരും. അബുദാബിക്കു പുറത്തുള്ള സേഹ പരിശോധനാ കേന്ദ്രങ്ങൾ വർധിപ്പിക്കും. പ്രവേശന കവാടത്തിലെ പരിശോധനാ കേന്ദ്രം അടയ്ക്കുകയും ചെയ്യുമെന്നും ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here