കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ്–അബുദാബി അതിർത്തിയിലെ പരിശോധനാ കേന്ദ്രം അടച്ചു. അതിർത്തിയിൽ ഡിപിഐ ടെസ്റ്റ് എടുക്കാമെന്നു കരുതി വരുന്നവർക്കു ഇനി അതിന് അവസരമുണ്ടാവില്ല.

അതിനാൽ, അബുദാബിയിലേക്കു യാത്ര ചെയ്യുന്നവർ അതത് എമിറേറ്റിൽ പരിശോധന നടത്തി പുറപ്പെടുന്നതാകും ഉചിതം. 72 മണിക്കൂറിനകമുള്ള പിസിആർ/ഡിപിഐ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നേരത്തെ 48 മണിക്കൂറിനകമുള്ള റിപ്പോർട്ട് ഹാജരാക്കണമായിരുന്നു. 72 മണിക്കൂറിനകം ഒന്നിലേറെ തവണ അബുദാബിയിൽ വന്നു തിരിച്ചുപോകാനും അനുമതിയുണ്ട്.

തുടർച്ചയായി 6 ദിവസത്തിലേറെ അബുദാബിയിൽ തങ്ങുന്നവർ ആറാം ദിവസം മാത്രം പിസിആർ ടെസ്റ്റ് എടുത്താൽ മതി. നേരത്തെ 4, 8 ദിവസങ്ങളിൽ പരിശോധന വേണമായിരുന്നു. 5 ദിവസം താമസിച്ചു തിരിച്ചുപോകുന്നവർക്ക് വീണ്ടും പരിശോധന വേണ്ട. കുടുംബമായി വരുന്നവർക്ക് ഈയിനത്തിൽ വലിയ തുക ലാഭിക്കാനാകും.

അതുപോലെ ബിസിനസ് ആവശ്യാർഥം ദുബായ്–അബുദാബി റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഇത് അനുഗ്രഹമാകും. അബുദാബിക്കു പുറത്ത് കൂടുതൽ പരിശോധനാ കേന്ദ്രം തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എവിടെയൊക്കെയാണ് ഇവയെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ ദുബായിൽ സിറ്റിവാക്ക്, പോർട്ട് റാഷിദ്, ഖവാനീജ് എന്നിവിടങ്ങളിൽ ദേശീയ പരിശോധനാ കേന്ദ്രമുണ്ട്. സേഹയുടെ ആപ് ഡൗൺലോഡ് ചെയ്താൽ അതത് എമിറേറ്റിലെ പരിശോധനാ കേന്ദ്രം അറിയാനും ബുക്ക് ചെയ്യാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here