യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി. കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് വ്യക്തമാക്കി. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡന്‍ വീസ ലഭിയ്ക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഇൗ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാമെന്ന് വ്യക്തമാക്കി. അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae. അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ്.

കൂടാതെ, ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.

മെഡിക്കൽ മേഖലയിൽ വിദഗ്ധരെ ആകർഷിക്കാൻ പുതിയ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിക്ഷേപകർ ഡോക്ടർമാർ, എന്‍ജിനീയർമാർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. മലയാളികളടക്കമുള്ള വ്യവസായികൾ, ഡോക്ടർമാര്‍, കലാകാരന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതിനകം ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here