അമേരിക്കന്‍ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡന് അറബ് ഭരണാധികാരികളുടെ അഭിനന്ദനങ്ങള്‍. യുഎഇ, ജോര്‍ദാന്‍, ഇറാഖ്, ഒമാന്‍, ലബനോന്‍, ഈജിപ്‌ത്‌, സുഡാന്‍ വിവിധ അറബ് ഭരണാധികാരികളാണ് നിയുക്ത പ്രസിഡന്റിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

യുഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ജോ ബൈഡന്‍, കമല ഹാരിസ് എന്നിവരെ അഭിനന്ദിക്കുന്നു. അമേരിക്കന്‍ ജനതയുടെ കൂടുതല്‍ വികസനത്തിനും അഭിവൃദ്ധിക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആശംസകള്‍. യു‌എഇയും യു‌എസ്‌എയും ശക്തമായ ചരിത്രപരമായ പങ്കാളിത്തമുള്ള സുഹൃത്തുക്കളും സഖ്യകക്ഷികളുമാണ്. തുടര്‍ന്നും ഇത് തുടരുമെന്നും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്‌തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അഭിനന്ദനങ്ങള്‍. സമാധാനം, സുസ്ഥിരത, അഭിവൃദ്ധി എന്നിവ ലക്ഷ്യമാക്കി ജോര്‍ദാനും അമേരിക്കയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായി ജോര്‍ദാന്‍ ഭരണാധികാരി കിംഗ് അബ്ദുള്ളാഹ് ബിന്‍ അല്‍ ഹുസൈനും ട്വീറ്റ് ചെയ്‌തു.

അഭിനന്ദനങ്ങള്‍, മെച്ചപ്പെട്ട ഇറാഖ് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണ് ബൈഡന്‍. ഞങ്ങളുടെ പൊതു ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ മുഴുവനായും സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാഖ് -പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു.

അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയതില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. അമേരിക്കന്‍ ജനതയെ കൂടുതല്‍ പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കുന്നതില്‍ വിജയിക്കട്ടെയെന്നു ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസിച്ചതായി ദേശീയ റിപ്പോര്‍ട്ട് ചെയ്‌തു. ബൈഡനെ നേരിട്ട് ബന്ധപ്പെട്ട് സുല്‍ത്താന്‍ ആശംസയര്‍പ്പിക്കുകയും ചെയ്‌തു. ലബനോന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദില്‍ ഫത്താഹ് അല്‍ സീസി, സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ലാഹ് ഹംദോക് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here