കവര്‍ച്ചക്കിടെ ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തിയ ഏഷ്യന്‍ വംശജനെ 24 മണിക്കൂറിനുള്ളില്‍ ദുബായ് പോലീസ് പിടികൂടി. അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ ഈ മാസം 18 നായിരുന്നു സംഭവം. ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നിവരാണ് മരിച്ചത്. വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി ദമ്പതികളുമായി നേരത്തെതന്നെ പരിചയപ്പെട്ടിരുന്നു.

മതിലിന് മുകളിലൂടെ ചാടി ബാല്‍ക്കണിയിലൂടെയാണ് പ്രതി വീടിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. 18, 13 വയസ്സുള്ള രണ്ട് പെണ്‍മക്കളങ്ങുന്ന കുടുംബം ആ സമയം നല്ല ഉറക്കത്തിലായിരുന്നു. മുകളിലെ നിലയിലായിരുന്ന ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരണ്‍ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

പലതവണ കുത്തിയായിരുന്നു കൊലപാതകം. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറാം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വില്ലയില്‍ നിന്നും 1000 മീറ്റര്‍ അകലെനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. വില്ലയില്‍നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ പിന്നീട് കണ്ടെത്തിയിരുന്നു. ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്നു മരിച്ച ദമ്പതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here