കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ, (Bharat Biotech) മൂക്കിലൂടെ നൽകാവുന്ന വാക്സീൻ്റ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാകുന്നതോടെ മാർച്ചോടുകൂടി വാക്‌സിൻ പുറത്തിറക്കിയേക്കും. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമാകുന്ന സാഹചര്യമാണ്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് (curfew) നീങ്ങിയേക്കും. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും .പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്നാട് അതിർത്തി ചെക്ക്പോസ്ററുകളിൽ പരിശോധന കർശനമാക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടൂ . ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here