രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,067 ആയി. 109 പേര്‍ മരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. മരിച്ചവരില്‍ 63 ശതമാനം പേരും 60 വയസിന് മുകളിലുള്ളവരാണ്. ലോക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 62 ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്ത് മരണസംഖ്യയിലും കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്ന് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 30 മരണവും 693 കോവിഡ് സ്ഥിരീകരണവും. മരണനിരക്ക് കൂടുതല്‍ 60 വയസിന് മുകളിലുള്ളവരിലാണ്. 63 ശതമാനം. നാല്‍പ്പതിനും അറുപതിനുമിടയില്‍ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനം. ഏഴ് ശതമാനമാണ് നാല്‍പ്പത് വയസിന് താഴെയുള്ളവരുടെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്. നിസാമുദീന്‍ തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത 25,000 പേര്‍ നിരീക്ഷണത്തിലാണ്. 1750 വിദേശികളായ തബ്‍ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തി. അഞ്ച്‍ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഒര്‍ഡര്‍ നല്‍കിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളമടക്കം രോഗബാധ തീവ്രമായ എട്ട് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരീലും മേഖലകളായി തിരിച്ച്  രോഗനിര്‍ണയപരിശോധന വ്യാപകമാക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here