ഇറ്റലി : ഒരു മാസത്തിലേറെയായി ഭീതിജനകമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇറ്റലിയിലെ ജനങ്ങളുടെ ആശങ്കകൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വിവരങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിലും പുതിയതായി ഉണ്ടാകുന്ന രോഗബാധിതരുടെ എണ്ണത്തിലും കുറവ് കണ്ടുതുടങ്ങിയത് സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും സർവ്വോപരി ജനങ്ങൾക്കും വലിയ ഒരു ആശ്വാസമാവുകയാണ്. നിലവിലെ സ്ഥിതിയിൽ നേരിയ മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നും എന്നാൽ 7 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ മരണത്തിന്റെയും രോഗബാധയുടെയും ഗ്രാഫ് പൂർണമായും താഴേക്ക് ആകുമെന്നും ആരോഗ്യ സഹമന്ത്രി പിയർപൗളോ സിലേരി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 21ന് വടക്കൻ ഇറ്റലിയിൽ മിലാൻ ഉൾപ്പെടുന്ന ലൊംബാർദിയ റീജിയനിലാണ് 16 പേർക്ക് കോവിഡ് 19 വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം ഇവിടെത്തന്നെ വൈറസ് ബാധ മൂലമുള്ള ആദ്യ മരണവും റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓരോ ദിവസങ്ങളിലും മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയർന്നുകൊണ്ടിരുന്നു. മാർച്ച് 27 ന് മരണസംഖ്യ അതിന്റെ ഏറ്റവും ഉയർച്ചയിൽ എത്തി. ഒരു രാജ്യത്ത് കോവിഡ് 19 വൈറസ് മൂലം ഒരുദിവസം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് അന്നായിരുന്നു. 969 പേരാണ് അന്നു മാത്രം ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്. മാർച്ച് 9ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്നാഴ്ചകൾ എത്തിയിട്ടും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുറയാതിരുന്നത് ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ വരെയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here