രാജ്യത്തെ കൊറോണ കേസുകളില്‍ 62 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 62 ശതമാനം കൊറോണ കേസുകളും. ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയിലെ ആകെ കൊറോണ വൈറസ് മരണത്തില്‍ 70 ശതമാനവും ആന്ധ്രാപ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊറോണ ബാധിച്ച്‌ ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണത്തില്‍ ആന്ധ്രാപ്രദേശില്‍ ആഴ്ചയില്‍ 13.7 ശതമാനവും കര്‍ണാടകയില്‍ 16.1 ശതമാനവും മഹാരാഷ്ട്രയില്‍ 6.8 ശതമാനവും തമിഴ്നാട്ടില്‍ 23.9 ശതമാനവും ഉത്തര്‍പ്രദേശില്‍ 17.1 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 38 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,833 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി രേഖപ്പെടുത്തിയ 1,043 മരണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത് 67,000 പേരാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത് 38,53,407 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 8,15,538 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ചതിനു ശേഷം 29,70,493 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് ബാധിച്ച്‌ 67,376 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.

രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിക്കുന്നവരില്‍ 54 ശതമാനം പേരും 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അറുപതു വയസിന് മുകളില്‍ രോഗം ബാധിക്കുന്നവരില്‍ 51 ശതമാനം ആളുകള്‍ക്കും മരണം സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യയിലെ മരണനിരക്ക് ലോകത്തില്‍ തന്നെ ഏറ്റവും കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here