കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. കുവൈത്തിൽ വിദേശികൾക്ക് താത്കാലിക പ്രവേശനവിലക്കേർപ്പെടുത്തി. ഞായറാഴ്ചമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാൽ ഫാർമസി, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. ഡെലിവറി സർവീസുകളാകാം. കുവൈത്തിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. കോവിഷീൽഡ് വാക്സിന്റെ രണ്ടുലക്ഷം ഡോസ് തിങ്കളാഴ്ച കുവൈത്തിൽ എത്തിച്ചു. ഏപ്രിലോടുകൂടി മൂന്നുലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഫൈസർ ബയോൻടെക് വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാരെന്നത് അനിശ്ചിതകാലത്തേക്ക് തുടരും.

സൗദിയിൽ ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാ പരിപാടികൾക്കും ആഭ്യന്തരമന്ത്രാലയം താത്കാലിക വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച രാത്രി പത്തുമുതലാണ് പുതിയ നിയന്ത്രണം. വിവാഹപ്പാർട്ടികൾക്ക് ഒരുമാസവും വിനോദപരിപാടികൾക്ക് 10 ദിവസവുമാണ് വിലക്കേർപ്പെടുത്തിയത്. സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും പ്രവർത്തിക്കുന്ന ഗെയിം സെന്ററുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും നിർദേശം നൽകി. ഹോട്ടലുകളിൽ നടക്കുന്ന കോർപ്പറേറ്റ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും ഒരുമാസം വിലക്കുണ്ട്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നാണ് വിവരം. പൊതുചടങ്ങുകളിൽ അടുത്ത 10 ദിവസത്തേക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here